സമരം നടത്തിയതിന് ബ്ലോക്ക് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു; ചക്കിട്ടപ്പാറയിൽ നാളെ ഹർത്താൽ

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചതിനും വനപാലകരെ ആക്രമിച്ചതിനും ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ പതിനാറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടര്‍ സമരസമിതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നാളെ  രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ പിടികൂടിയ യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനംവകുപ്പ് ഓഫിസിന് മുന്നിലെ സമരം. പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചതിനും ഉപരോധം സംഘടിപ്പിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇരുപത്തി ഒന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തു. സമരസമിതി ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തുടര്‍നടപടികള്‍ ഒഴിവാക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇത് മറികടന്നാണ് മുതുകാട് സ്വദേശി റെജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, ചക്കിട്ടപ്പാറ പഞ്ചായത്തംഗം സെമിലി സുനില്‍, കര്‍ഷക നേതാവ് ജോയി കണ്ണച്ചിറ തുടങ്ങി പതിനാലുപേരെത്തി കീഴടങ്ങിയത്. 

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. ജയിലില്‍ നിരാഹാരസമരം തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. നടപടികള്‍ തുടരേണ്ടതില്ലെന്ന നിര്‍ദേശം കിട്ടിയിരുന്നില്ലെന്നും വനംവകുപ്പിന്റെ നടപടി പൊലീസ് പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.