കന്യാസ്്ത്രീകളുടെ സമരത്തിന് പിന്തുണയറിയിച്ച്, സാംസ്കാരിക നായകർ സമരവേദിയില്‍

protest-help
SHARE

കന്യാസ്്ത്രീകളുടെ സമരത്തിന് പിന്തുണയറിയിച്ച്, വിവിധ ജനകീയ സമരങ്ങള്‍ക്ക് നായകത്വം വഹിച്ചവര്‍ സമരവേദിയില്‍. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഒന്‍പതാം ദിന പരിപാടികള്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരാഹാരം അനുഷ്ഠിച്ചവരില്‍ ഒരാളെ ആശൂപത്രിയിലേക്ക് നീക്കി. 

ഹൈക്കോടതി ജംഗ്ഷനില്‍ ഈ സമരപ്പന്തല്‍ ഉയര്‍ന്നിട്ട് ഇത് ഒന്‍പതാംദിനം. നിരാഹാരം അനുഷ്ഠിച്ച രണ്ടാമത്തെയാളെയും ഇന്ന് ആശൂപത്രിയിലേക്ക് നീക്കി. ഡോക്ടര്‍മാരെത്തി പരിശോധിച്ച് ആരോഗ്യനില അറിയിച്ചതോടെ സ്റ്റീഫന്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത് മാറ്റി. പകരമായി ഇന്നലെ മുതല്‍ ഉപവാസം തുടങ്ങിയ അലോഷ്യ ജോസഫ് ഇപ്പോള്‍ പന്തലിലുണ്ട്. 

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിവിധ ജനകീയ സമരങ്ങളുടെ മുന്നണിയില്‍ നിന്നവരാണ് ഇന്ന് സമരപന്തലിലേക്ക് എത്തുന്നത്. രാവിലെ നടന്ന കണ്‍വഷന്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 

സിആര്‍ നീലകണ്ഠന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും സിറോ മലബാര്‍ സഭയില്‍ നിന്ന് തന്നെയുള്ള വൈദികരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായെത്തി. 

ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് ബിഷപ്പ് പിന്‍മാറിയെങ്കിലും  അറസ്റ്റ് വരെ പ്രതിഷേധം ഈ മട്ടില്‍ തന്നെ തുടരാനാണ് സമരക്കാരുടെ തീരുമാനം. തുടര്‍ന്ന് സ്വീകരിക്കേണ്ട നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് ധാരണ. അതേസമയം ബിഷപ്പിനെ വിളിച്ചുവരുത്തുന്ന ബുധനാഴ്ചക്ക് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് തെളിവുകള്‍ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി നേരത്തെ മൊഴി നല്‍കിയ ചില സാക്ഷികള്‍ അടക്കമുള്ളരെ വീണ്ടും കാണുന്നുണ്ട്. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ വിവിധ സംഘങ്ങള്‍ അന്വേഷണത്തിലാണ്

MORE IN KERALA
SHOW MORE