കന്യാസ്ത്രീ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു; അന്വേഷണം തുടരുന്നു

bishop-franco-nun-letter
SHARE

ജലന്തര്‍ ബിഷപ്പിനെതിരായി പരാതി നല്‍കിയ കന്യാസ്ത്രീ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നതായി ഡയറക്ടര്‍ സ്ഥിരീകരിച്ചു. കന്യാസ്ത്രീയെ കുമ്പസാരിപ്പിച്ച വൈദികനെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലുള്‍പ്പെടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അവസാനഘട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച ജലന്തര്‍ രൂപത പിആര്‍ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. 

അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി കന്യാസ്ത്രീ കുമ്പസരിച്ച വൈദികനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയതായി ഡയറക്ടര്‍ സ്ഥിരീകരിച്ചു. ഇവിടെ ധ്യാനത്തിലെത്തി കുമ്പസരിച്ച ശേഷമാണ് ബിഷപ്പിനെതിരെ പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ബുധനാഴ്ച ചോദ്യം ചെയ്യാനായി ബിഷപ്പ് ഹാജരാകും. ഇതിന് മുന്‍പ് പൊരുത്തക്കേടുകള്‍ പരിഹരിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കുകയുണാണ് ലക്ഷ്യം. 

ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്ത്രീകൾക്ക് മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയതായി കണ്ടെത്തിയിരുന്നു. ജലന്തർ രൂപതയിലെ രണ്ടു വൈദികർക്കും മൂന്നു കന്യാസ്ത്രീകൾക്കും അങ്കമാലിയിലെ ഹോട്ടൽ കേന്ദ്രീകരിച്ചു പരിശീലനം നൽകിയതെന്നു പൊലീസ് കണ്ടെത്തി. ജലന്തര്‍ രൂപ പിആര്‍ഒ പീറ്റര്‍ കാവുംപുറത്തിനൊപ്പം ഡല്‍ഹിയിലെ സഹായിക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന. ഒരാഴ്ചയോളം കേരളത്തിൽ ചിലവഴിച്ച സംഘം പരാതിക്കാരിയായ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സ്ഥലം സംബന്ധിച്ച് ഇന്ന് അന്വേഷണ സംഘം തീരുമാനം എടുക്കും.

MORE IN KERALA
SHOW MORE