ആ കൂവലുകളും ചാരന്‍ വിളികളും കരുണാകരന്‍ നേരിട്ടത് ഇങ്ങനെ: ഓര്‍മകളില്‍ മേനോന്‍

karunakaran-menon
SHARE

‘നിങ്ങൾ നന്നായി കൂവിക്കോളൂ..അത് ആരോഗ്യത്തിന് നല്ലതാണ് ഞാൻ ഇനിയും നിങ്ങളെ കാണാൻ വരും. അന്നും ഇതുപോലെ കൂവാനുള്ള ആരോഗ്യം നിങ്ങൾക്ക് ഗുരുവായൂരപ്പൻ തരട്ടെ എന്ന് ആശംസിക്കുന്നു’. ആർത്തിരമ്പി എത്തിയ കൂവലിനെയും ചാരൻ..ചാരൻ എന്ന വിളിയെയും ഒരു പൊതുവേദിയിൽ കെ.കരുണാകരൻ നേരിട്ടത് ഇൗ വാക്കുകൾ കൊണ്ടായിരുന്നു. പക്ഷേ ഇന്ന് നീതി വൈകിയെത്തിയത് വാര്‍ത്തയാകുമ്പോഴും ലീഡറിന് കൂവൽ കൊണ്ട് അഭിഷേകം നടത്തിയ ആ സായാഹ്നം ഒാർത്തെടുക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. 

ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓര്‍ത്തു കൊണ്ടാണ് ബാലചന്ദ്ര മേനോന്‍ ആ പഴയഒാർമ പങ്കുവയ്ക്കുന്നത്.  ‘അദ്ദേഹവുമായി എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന സമയം. സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഒട്ടുമിക്ക ആളുകളും പങ്കെടുത്ത വലിയ ഒരു പരിപാടി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഒരു പരിപാടി അവതരിപ്പിക്കാന്‍ ചുമതല പെടുത്തിയത് എന്നെയായിരുന്നു. തുടര്‍ന്ന് എന്റെ ഊഴമെത്തിയപ്പോള്‍ മൈക്കില്‍ അനൗണ്‍സമെമെന്റ് വന്നു. 

വേദിയിൽ കയറാനായി നിൽക്കുമ്പോൾ ഞാൻ കേൾക്കുന്നത് വലിയ കൂവലാണ്. ഒരു കടലിരമ്പി വരുന്നതുപോലുള്ള കൂവല്‍. വരുന്തോറും വ്യാപ്തിയും ശബ്ദവും വര്‍ധിക്കുന്ന കൂവല്‍. എന്ത് പറ്റിയെന്ന് അപ്പോള്‍ എനിക്ക്  മനസിലായില്ല. പിന്നീടാണ് കാര്യം പിടികിട്ടുന്നത്. അന്ന് ചാരക്കേസ് കത്തിനിൽക്കുന്ന സമയമാണ്. ഉദ്ഘാടകനായി കരുണാകരൻ എത്തിയതോടെ കൂവലുകൾ ശക്തി പ്രാപിച്ചു. വേദിലേക്ക് സംസാരിക്കാൻ എത്തിയപ്പോൾ കൂവലുകളുടെ ശക്തി ഒന്നുകൂടി വർധിച്ചു. പക്ഷേ  സ്വതസിദ്ധമായ ശൈലിയില്‍ സദസിനോടായി അദ്ദേഹം പറഞ്ഞു- ”നിങ്ങള്‍ ഗംഭീരമായി കൂവിക്കൊള്ളു, ആരോഗ്യത്തിന്റെ സൂചനയാണ് കൂവല്‍ എന്ന് പറയുന്നത്. ഇനി കാണുമ്പോള്‍ ഇതിലും നന്നായി കൂവാന്‍ ഗുരുവായൂരപ്പന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞ് ചിരിച്ച് കണ്ണിറുക്കി അദ്ദേഹം സ്റ്റേജില്‍ നിന്ന് ഇറങ്ങി നടന്നു. വീണ്ടും ആളുകളുടെ ഇടയിലൂടെ ദൂരെ വരെ നടന്നു. അദ്ദേഹം അങ്ങേയറ്റം എത്തുന്നതുവരെയും കൂവല്‍ തുടര്‍ന്നു. ആ കൂവലിനൊപ്പം ചാരാ ചാരാ ചാരാ എന്ന് വിളിക്കുന്നുമുണ്ട്. ഇത് ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.

ചാരാന്ന് വിളിക്കുന്നത് ആരെയാണ് സ്വാതന്ത്ര്യ സമരസേനാനിയായി വന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ വ്യക്തിയെയാണ് മുഖത്ത് നോക്കി എന്തെന്നറിയാതെ ‘ചാരാ ചാരാ’ എന്ന് വിളിക്കുന്നത്. എന്തുമാത്രം അദ്ദേഹത്തിന്റെ മനസിനകത്ത് വേദനയുണ്ടായിക്കാണും എന്ന് അന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഈ വിധി വന്ന് കഴിഞ്ഞപ്പോള്‍ നമ്പി നാരായണന് നീതി കിട്ടി. പക്ഷേ കരുണാകരൻ എന്ന മനുഷ്യനെ കാര്യമറിയാതെ നമ്മള്‍ ഇത്രയും ആക്ഷേപിക്കണമായിരുന്നോ? പത്മജ പറയുന്നുണ്ട് അച്ഛന്‍ പറയുമായിരുന്നു എന്നെങ്കിലും ഒരുനാള്‍ സത്യം പുറത്തുവരും എന്ന്. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ആരൊക്കെ അമര്‍ത്തിക്കെട്ടി വെച്ചാലും അത് പുറത്തുവരും. സത്യത്തിന്റെ മുഖത്തെ നമുക്ക് ബഹുമാനിക്കാതിരിക്കാനാവില്ല. ഈ സത്യം ഉള്ളതുകൊണ്ടാണ് ഈ പ്രപഞ്ചം ഇങ്ങനെ നിലനില്‍ക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.’ 

അനുഭവം പങ്കുവച്ച വിഡിയോയ്ക്ക് മുകളിൽ ബാലചന്ദ്രമേനോൻ ഇങ്ങനെ കുറിച്ചു. ‘സിനിമാക്കാരനും രാഷ്ട്രീയക്കാരനും പൊതുജനമാണ് ശക്തി. മമ്മൂട്ടി ഒരു കാലത്തു പാട്ടു സീനിൽ ഡാൻസ് ചെയ്യുമ്പോഴും കൂളിംഗ് ഗ്ളാസ് വെച്ച് പോസ് ചെയ്യുമ്പോഴും തീയേറ്ററിൽ ഒന്നടങ്കം പ്രേക്ഷകർ കൂവിയതിനു ഞാൻ തന്നെ സാക്ഷിയാണ്. എന്നാൽ മമ്മൂട്ടി അത് നേരിട്ടു കാണുന്നില്ല എന്നത് ഒരു വലിയ ആശ്വാസമാണ്. എന്നാൽ ഇവിടെ ജനപ്രിയനായ 'ലീഡറെ' ഒരു ജനത "ലൈവ് കൂവലിൽ" അഭിഷേകം ചെയ്ത ആ സായാഹ്നം എന്തിനു ഇന്നെനിക്കു ഓർമ്മ വന്നു എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല...

MORE IN KERALA
SHOW MORE