ശാസ്ത്രമേളയിലെ 'അഗ്നിപർവതം പൊട്ടിത്തെറിച്ചു': 60 പേർക്ക് പരുക്ക്

angamaly-holy-family
SHARE

അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതും ലാവ പുറത്തേക്കൊഴുകുന്നതു പ്രദർശിപ്പിക്കുന്നതിനിടെ ശാസ്ത്രമേള മൽസരത്തിൽ അപകടം. അങ്കമാലി  ഹോളി ഫാമിലി ഹൈസ്കൂളിൽ ശാസ്ത്രമേള മൽസരത്തിനിടെയാണ് സ്ഫോടനം.  59 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. അഗ്നിപർവതം പൊട്ടി ലാവ പുറത്തേക്കൊഴുകുന്നതു പ്രദർശിപ്പിക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചത്. വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നു പൊലീസ് അറിയിച്ചു. 

പ്രദർശനം അവതരിപ്പിച്ച രണ്ടു വിദ്യാർഥികൾക്കും മാർക്കിടാനെത്തിയ അധ്യാപിക സിസ്റ്റർ ലിൻസയ്ക്കും കാണാൻ കൂടിനിന്ന വിദ്യാർഥികൾക്കുമാണു പരുക്കേറ്റത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. മുഖത്തും കൈകാലുകൾക്കുമാണ് പരുക്ക്. പത്തു കുട്ടികൾക്കു കണ്ണിനും പരുക്കേറ്റു. പൊട്ടിത്തെറിയിൽ മണ്ണും ചരലും ശക്തിയോടെ തെറിച്ചു കൊള്ളുകയായിരുന്നു.  വൻ ശബ്ദത്തിൽ ഭയക്കുകയും കേൾവിത്തകരാറുണ്ടാകുകയും ചെയ്ത കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് എല്ലാവരും ആശുപത്രി വിട്ടു. 

സ്കൂളിലെ പിൻഗേറ്റിനും സൈക്കിൾ ഷെഡിനും സമീപം ഗ്രൗണ്ടിൽ ഇന്നലെ 11.30ന് ആയിരുന്നു അപകടം. പത്താം ക്ലാസിലെ വിദ്യാർഥികളുടെ പ്രദർശനത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അരയടിയോളം നീളമുള്ള പിവിസി പൈപ്പിൽ സ്ഫോടകവസ്തു നിറച്ച് മണ്ണു പൊതിഞ്ഞാണ് അഗ്നിപർവതം വർക്കിങ് മോഡൽ നിർമിച്ചത്. ടൈലിൽ ഉറപ്പിച്ചു നിർത്തിയ പൈപ്പിൽ തീ കത്തിച്ചു ലാവ ഒഴുക്കുകയായിരുന്നു ലക്ഷ്യം. മാർക്കിടാൻ രണ്ട് അധ്യാപികമാർ എത്തിയപ്പോൾ കുട്ടികൾ അഗ്നിപർവതത്തിനു തീ കൊടുത്തു. ഉടൻ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കിലോമീറ്റർ അകലെവരെ ശബ്ദം കേട്ടു. 

പൈപ്പ് നിറയ്ക്കാനും മറ്റുമായി ഒരു കിലോയിലേറെ സ്ഫോടകവസ്തു ഉപയോഗിച്ചതായി പറയുന്നു. നേരത്തെ മറ്റൊരു വർക്കിങ് മോഡലിൽ പരീക്ഷണം നടത്തിയിരുന്നു. തീകൊളുത്തി പെട്ടെന്നുതന്നെ അതു കെട്ടുപോയി. കൂടുതൽ നേരം കത്തിനിൽക്കാൻ സ്ഫോടകവസ്തു കൂടുതൽ നിറച്ചതായി പൊലീസ് കരുതുന്നു.സ്കൂൾതല മേളയിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പലരും അഗ്നിപർവതം വർക്കിങ് മോഡൽ അവതരിപ്പിച്ചിരുന്നു. ചൊറുക്ക, ബൾബ്, അപകടമുണ്ടാക്കാത്ത പൂത്തിരികൾ തുടങ്ങിയവയാണു മറ്റുള്ളവർ ഉപയോഗിച്ചത്. ഹൈസ്കൂൾ വിഭാഗം രണ്ടാം ടീമിന്റെ മൽസരത്തിനിടെയായിരുന്നു പൊട്ടിത്തെറി.

സ്ഫോടക വസ്തുവിന്റെ സാംപിളുകൾ കാക്കനാട് കെമിക്കൽ ലാബിലേക്കും തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്കും അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. മുൻകരുതലില്ലാതെ സ്ഫോടകവസ്തു കൈകാര്യം ചെയ്തതിനു കേസെടുക്കുമെന്ന് സിഐ മുഹമ്മദ് റിയാസ് പറ‍ഞ്ഞു. ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.  ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധിച്ചു. സംഭവത്തെത്തുടർന്ന് സ്കൂളിലേക്കും പരുക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ച ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കും രക്ഷിതാക്കളുടെ ഒഴുക്കായിരുന്നു. ഇന്നസന്റ് എംപി, റോജി എം. ജോൺ എംഎൽഎ എന്നിവർ കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ചു.

MORE IN KERALA
SHOW MORE