വാട്സാപ്പിൽ പി.കെ. ശശിക്കെതിരെ മിണ്ടി; സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

pk-sasi-3
SHARE

പി.കെ.ശശി എം.എൽ.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവ് ജീവൻ ലാലിനുമെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് ആരോപണം.

കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരും, മുൻ ജീവനക്കാരും, കൗൺസിലർമാരും അംഗങ്ങളായ വാട്സാപ്പ് കൂട്ടായ്മയാണ് നഗരപാലിക. ഈ ഗ്രൂപ്പിൽ മുൻ ജീവനക്കാരിലൊരാളാണ് പി.കെ.ശശി എം.എൽ.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവിനും എതിരെ ഉയർന്ന ലൈംഗീക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. അശ്ലീലച്ചുവയോടെയുള്ള പോസ്റ്റിൽ പാർട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും പരാമർശിക്കുന്നു.  

മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരോക്ഷപരാമർശത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ ചെയർമാൻ വി.വി.രമേശൻ തദ്ദേശ സ്വയംഭരണ വകുപ്പിന് പരാതി നൽകി. മുഖ്യമന്ത്രിക്കും എം.എൽ.എ മാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ മോശമായ പ്രചാരണം നടത്തുന്നു എന്നായിരുന്നു പരാതി.

കൃത്യനിർവഹണത്തിൽ മുഹമ്മദ് റിയാസ് നിരന്തരം വീഴ്ച വരുത്താറുണ്ടെന്നും നഗരസഭ അധ്യക്ഷന്റെ പരാതിയിലുണ്ട്. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് റിയാസിന്റെ പ്രതികരണം. വനിതകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പിൽ അശ്ലീലച്ചുവയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

MORE IN BREAKING NEWS
SHOW MORE