മോഷണം നടന്ന വീടിനു സമീപം കല്ലു കൊണ്ട് ഒരേ രീതിയിൽ മൂന്ന് വരകൾ; ആശങ്ക

drawing-marks
SHARE

കണ്ണൂരില്‍ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടു കവർച്ച നടത്തിയത് ‘ബംഗ്ലാ ഗ്യാങ്’ കവർച്ചാ സംഘമാണെന്ന വിവരം കേരളക്കരയെ ആകെ ഞെട്ടിച്ചു കളഞ്ഞു. ബംഗ്ലാദേശ് സ്വദേശികളായ നൂറോളം പേർ അംഗങ്ങളായ സംഘമാണ് ബംഗ്ലാ ഗ്യാങ് എന്ന പേരിൽ അറിയപ്പെടുന്നത്. കവർച്ചാ സമയത്തു മാത്രം ഒരുമിച്ചു കൂടും. അതിനു മുൻപും പിൻപും പല ഭാഗത്തായി പല ജോലികളുമായി കഴിഞ്ഞു കൂടും. ആളുകളെ ആക്രമിച്ചാണു കവർച്ച. സമയമെടുത്തുള്ള മോഷണം, വീട്ടുകാരെ ബന്ദിയാക്കിയ രീതി, കവർച്ചയ്ക്കായി വീട്ടിൽ കയറിയരീതി എന്നിവ പരിശോധിച്ചാണു സ്ഥിരീകരണം.

സമാനമായ മോഷണങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതിനിടെ കുത്താട്ടുകുളം മീഡിയ കവലയ്ക്ക് സമീപം പണവും ആഭരണവും കവർച്ച ചെയ്ത വീടിനു സമീപം മോഷണ സംഘത്തിന്റെ കൂട്ടാളികൾ വരച്ചിട്ടതെന്ന് സംശയിക്കുന്ന അടയാളങ്ങൾ ആശങ്ക ജനിപ്പിച്ചു.  വീടിന്റെ ഗേറ്റിന്റെ തൂണിലും അടുത്തുള്ള മതിലിലും ഒരേ രീതിയിൽ മൂന്നു വരകളാണ് കല്ലുകൊണ്ട് എന്നതു പോലെ കോറിയിട്ടിരിക്കുന്നത്. മോഷണത്തിനു മുന്നോടിയായി ആക്രി പെറുക്കാൻ എന്ന പേരിലോ മറ്റോ ഇവിടെ എത്തിയ സംഘത്തിലെ അംഗങ്ങൾ മോഷ്ടാക്കൾക്ക് സൂചന നൽകാനായി ഇട്ട അടയാളമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന ആണി തറച്ച പലക വീടിനു സമീപത്തു നിന്നു പിറ്റേന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ എട്ടിനു പുലർച്ചെ ഒന്നരയോടെ സ്‌നേഹ ഹോട്ടൽ ഉടമ കാരാമയിൽ കെ.ആർ. ബിജുവിന്റെ വാടകവീട്ടിലാണ് മോഷണം നടന്നത്. അടുക്കളവശത്തെ മൂന്ന് ഓടാമ്പലുകൾ ഇളക്കി മാറ്റി അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. 7,000 രൂപയും കാണാതായി. പിന്തുടർന്ന കാറിന്റെ ചില്ല് മോഷ്ടാക്കൾ കുപ്പി എറിഞ്ഞു തകർത്തിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.