കോൺവെന്റ് സന്ദർശനം; താത്പര്യം തോന്നിയാൽ ബലപ്രയോഗം; കന്യാസ്ത്രീയുടെ കത്ത്

ലൈംഗിക പീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോട് സഭാനേതൃത്വം ചിറ്റമ്മനയമാണ് കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ  ആവശ്യപ്പെടുന്നു.

കത്തിന്‍റെ ഏകദേശ പൂര്‍ണരൂപം:  

ചെറുപ്പകാലം മുതൽ സഭയാണ് അമ്മയെന്നാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു, സ്ത്രീക്ക് സഭ രണ്ടാനമ്മ മാത്രമാണ്..,  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒരു ഇരപിടിയനാണ്. നിരവധി കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയിട്ടുണ്ട്, എന്നിട്ടും നടപടിയുണ്ടായില്ല. 

പീഡനത്തിനിരയായിട്ടും പേടി കാരണം ഒന്നും പുറത്തുപറയാൻ സാധിച്ചില്ല. നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടും സുപ്പീരിയർ ജനറലിനോട് മുഴുവൻ കാര്യങ്ങൾ പറയാൻ സാധിച്ചില്ല. ബിഷപ്പിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിനാൽ കന്യാസ്ത്രീകൾക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുകയാണെന്ന് പരാതിപ്പെട്ടു. പക്ഷേ പരാതിയുടെ ഗൗരവം ആരും മനസ്സിലാക്കിയില്ല. 

ഞാൻ മാത്രമല്ല ബിഷപ്പിന്റെ ഇരയായിട്ടുള്ളത്. ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയോടും ഇത്തരത്തിൽ പെരുമാറിയതിന് പിന്നാലെ ബിഷപ്പിനെക്കുറിച്ച് വ്യാപകമായ പരാതികളുയർന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ ബലപ്രയോഗത്തിലൂടെയോ ദൗർബല്യങ്ങളെ മുതലെടുത്തോ ബിഷപ്പ് കെണിയിൽപ്പെടുത്തും. 

2017 ഏപ്രിലില്‍ നടന്ന ഒരുദാഹരണം പറയാം. ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചെറുപ്പക്കാരിയായ കന്യാസ്ത്രീ, സേവനങ്ങളിൽ വരുത്തിയ ഗുരുതരമായ പിഴവുകൾ വരുത്തിയതായി കണ്ടെത്തി. അച്ചടക്കനടപടിയുടെ ഭാഗമായി കന്യാസ്ത്രീയെ മറ്റൊരു സംസ്ഥാനത്തേക്ക് അയക്കാൻ ബിഷപ്പ് നിർദേശിച്ചു. പിന്നാലെ ഈ കന്യാസ്ത്രീയുള്ള മഠത്തിൽ ബിഷപ്പ് പ്രത്യേക സന്ദർശനം നടത്തി. രാത്രി 12 മണിവരെ ഈ കന്യാസ്ത്രീ ബിഷപ്പിന്റെ മുറിയിലായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിഷപ്പിന്റെ നടപടികൾ മൂലം നിരവധി കന്യാസ്ത്രീകൾ മിഷനറീസ് ഓഫ് ജീസസ് വിട്ടുപോയിട്ടുണ്ട്. ഇരുപത് കന്യാസ്ത്രീകൾ പോയിട്ടും നടപടിയെടുക്കാൻ ചുമതലപ്പെട്ടവർ തയ്യാറായില്ല. എല്ലാ പ്രശ്നങ്ങൾക്കും എംജെയിലെ നേതൃത്വം ആശ്രയിച്ചിരുന്നത് ബിഷപ്പിനെയായിരുന്നു. മുതിർന്ന കന്യാസ്ത്രീകളിൽ ഒരാളായിരുന്നതുകൊണ്ട് മറ്റുള്ളവരോട് ഇതേക്കുറിച്ച് തുറന്നുസംസാരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. 

പീഡനം സഹിക്കവയ്യാതെ 2017 മെയിൽ സഭ വിടാൻ തീരുമാനിച്ചു. തനിക്കൊപ്പം നാല് കന്യാസ്ത്രീകളും ഇതേ തീരുമാനമെടുത്തു. എല്ലാവർക്കും ജലന്തർ രൂപത വിട്ട് മറ്റെവിടെയെങ്കിലും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളായി സേവനമനുഷ്ഠിക്കണം എന്നായിരുന്നു ആഗ്രഹം. 

എന്നാൽ കന്യാസ്ത്രീകളും മറ്റുചില ബിഷപ്പുമാരും പുരോഹിതരും നൽകിയ സ്നേഹവും പിന്തുണയും തീരുമാനം മാറ്റാനിടയാക്കി. മിഷണറീസ് ഓഫ് ജീസസിന്റെ നാശം കാണാൻ എനിക്കാകുമായിരുന്നില്ല. അതിനാൽ സഭ വിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. അതിനിടെ എനിക്കും കുടുംബത്തിനുമെതിരെ വ്യാജ പൊലീസ് കേസുണ്ടാക്കി ഭീഷണിപ്പെടുത്താൻ ബിഷപ്പ് ശ്രമിച്ചു. 

കഴിഞ്ഞ വർഷം നവംബറിൽ എനിക്കും സിസ്റ്റർ അനുപമക്കുമെതിരെ ആത്മഹത്യാഭീഷണി മുഴക്കിയെന്ന പേരിൽ കേസ് കൊടുത്തു. ഈ വർഷം ജൂണിൽ ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് എന്റെ സഹോദരനെതിരെയും കേസ് കൊടുത്തു. കുടുംബാംഗങ്ങളുൾപ്പെടെ ആറ് പേർക്കെതിരെ ഇതേ സംഭവത്തിൽ ബിഷപ്പ് കേസ് കൊടുത്തു. 

വ്യാജപരാതികൾ കണ്ട് ഞാനും കുടുംബവും പേടിച്ചു. ഡൽഹി മേഖല ആർച്ച് ബിഷപ്പിന്റെ കുറവിലങ്ങാട് സന്ദർശനവേളയിൽ സംഭവങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വ്യാജപരാതികളുടെ പത്രവാർത്തകളുൾപ്പെടെ വത്തിക്കാനിലെ മാർപ്പാപ്പയുടെ പ്രതിനിധിക്ക് മെയിലയച്ചത്.

ഞങ്ങൾക്കെതിരായ നിയമനടപടികൾ നിർത്തിവെക്കാൻ ബിഷപ്പിനോട് സഭ ആവശ്യപ്പെടും എന്നാണ് കരുതിയത്. എന്നാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള എന്റെ പോരാട്ടത്തിനുനേരെ സഭാനേതൃത്വവും കണ്ണടച്ചു. തുടർന്നാണ് ബിഷപ്പിനെതിരെ പൊലീസിൽ പരാതി നല്‍കാൻ തീരുമാനിച്ചത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ആ അന്വേഷണത്തെയും ബിഷപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. 

ബിഷപ്പിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫാദർ ജെയിംസ് എർത്തയിൽ സമീപിച്ചു. 10 ഏക്കർ സ്ഥലമായിരുന്നു വാഗ്ദാനം. പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ട് എന്നറിഞ്ഞിട്ടും ശരിയായ രീതിയിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. മെഡിക്കൽ റിപ്പോട്ടും സെക്ഷൻ 164 പ്രകാരം സമർപ്പിച്ച പരാതിയും ബിഷപ്പിനെതിരായ കേസ് മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമായ തെളിവുകളാണ്. 

72 ദിവസത്തെ അന്വേഷണത്തിനൊടുവിലും സംസ്ഥാന സർക്കാരും പൊലീസും നൽകുന്ന സംരക്ഷണത്തിൽ ബിഷപ്പ് സ്വതന്ത്രനായി കഴിയുകയാണ്. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ നിഷ്ക്രിയത്വവും മൗനവും ബിഷപ്പിനെ സഹായിക്കുകയാണ്.

പരാതി കൊടുത്തതുമുതൽ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ നിന്ന് ഞങ്ങൾ ഒഴിവാക്കപ്പെട്ടു. എല്ലായിടത്തുനിന്നും അവഗണന നേരിട്ടു. ബിഷപ്പുമാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും മാത്രമാണ് കത്തോലിക്ക സഭയ്ക്ക് ആശങ്കയുള്ളൂ എന്ന തരത്തിലാണ് കാര്യങ്ങൾ. 

സ്ത്രീകൾക്കും കന്യാസ്ത്രീകൾക്കും നീതി ഉറപ്പാക്കുന്ന ഏതെങ്കിലും കാനോനിക നിയമം ഉണ്ടോ? ഉണ്ടെങ്കിൽ എന്തിനാണ് ഞങ്ങളോട് ഈ വിവേചനം? ബിഷപ്പിനെ സംരക്ഷിക്കാനും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും തീരുമാനിച്ച നേതൃത്വത്തോട് ഒരു ചോദ്യം; എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുതരാൻ നിങ്ങൾക്കാകുമോ? പതിമൂന്നാം തവണ പരാതിപ്പെട്ടതിൽ എന്റെ വിശ്വാസ്യത സംശയിക്കപ്പെടുന്നു. എനിക്ക് പേടിയായിരുന്നു, പുറത്തറിഞ്ഞാൽ എന്താകുമെന്നോർന്ന് നാണക്കേടുണ്ടായിരുന്നു. 

ഇപ്പോഴും ഇത്തരം പീഡനങ്ങൾ സഹിച്ച് മിണ്ടാതിരിക്കുന്ന കന്യാസ്ത്രീകൾ ഉണ്ട്. ഇത്തരം അതിക്രമങ്ങൾക്കെതിരെ സഭ കണ്ണടച്ചാൽ, സമൂഹത്തിന് മുന്നിൽ സഭയുടെ വിശ്വാസ്യത തകരും.