ആഘോഷങ്ങളില്ല; മഹാപ്രളയത്തിന്റെ മുറിപ്പാടുപേറുന്ന ഓണം

flood-onam
SHARE

മഹാപ്രളയത്തിന്റെ മുറിപ്പാടുപേറുന്ന കേരളത്തിന് ഇന്ന് തിരുവോണം. പ്രളയത്തിന്റെ ദുരന്തചിത്രങ്ങള്‍ മായാതെ കണ്‍മുന്നിലുള്ള നാടിന് ഇക്കുറി ആഘോഷങ്ങളില്ല. ദുരിതാശ്വാസക്യാംപുകളിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇത്തവണ പലര്‍ക്കും തിരുവോണനാള്‍. 

ഇല്ല, കര്‍ക്കിടകം പടിയിറങ്ങിയിട്ടില്ല. കര്‍ക്കിടകമഴയുടെ മുറിവുണക്കുന്ന ചിങ്ങപ്പൊന്‍പുലരി വന്നണഞ്ഞിട്ടുമില്ല. കര്‍ക്കിടകത്തില്‍ കലിതുള്ളിയിറങ്ങിയ ഒരു തോരാമഴയുടെ മുറിവുകള്‍ ഉടനുണങ്ങുകയുമില്ല. മാവേലിയുടെ മലയാളനാടിന് ഇക്കുറി ഓണം ഒരു ഓര്‍മമാത്രമാവുന്നു. പ്രാണന്‍ വാരിയെടുത്ത് പലായനം ചെയ്ത ജനതയുടെ കണ്ണീരുപോലും ഈ ഓണനാളില്‍ വീണുചിതറുന്നത് പ്രളയജലത്തിലാണ്. 

പൂ വച്ചുനീട്ടിയ ചെടികളും പൂക്കളമൊരുങ്ങിയ മുറ്റങ്ങളും ഏതോകാലത്തിനപ്പുറം ഒരു മറുപിറവി കൊതിക്കുന്നു. കളിചിരികളുടെ ആവരമുയര്‍ന്ന വീടുകള്‍ തിട്ടപ്പെടുത്തല്‍ കാത്തുകിടക്കുന്ന ചെളിപുരണ്ട നഷ്ടാവശിഷ്ടങ്ങളായി. മണ്ണായും വെള്ളമായും തുടച്ചുനീക്കിയ ജീവിതങ്ങളെക്കുറിച്ചുള്ള വിലാപങ്ങള്‍ മരണമുഖത്തുനിന്ന് തിരിച്ചെത്തിയവരെയോര്‍ത്തുള്ള  നിശ്വാസങ്ങളോട് തോറ്റുപോയി. എങ്കിലും എന്നും ഓണാശംസകളില്‍മാത്രം നിറഞ്ഞുനിന്ന പങ്കുവയ്ക്കലും ഒരുമയുമാണിന്ന് എവിടെയും.

ജീവന്‍ വീണ്ടെടുത്ത് അഭയകുടീരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഓണത്തിനുമുമ്പേ പുതുവസ്ത്രങ്ങളെത്തി.  ഉള്ളില്‍ തീയാളുമ്പോഴും വയറുകായാതിരിക്കാന്‍ ലോകം കൈകോര്‍ക്കുന്നു. വാപിളര്‍ത്തിയെത്തിയ പ്രളയം വലിപ്പച്ചെറുപ്പമില്ലാതെ മാനുഷരെല്ലാരും ഒന്നുപോലെയാണെന്ന് പഠിപ്പിച്ചു. സര്‍വം നഷ്ടമായ, പ്രളയം നഷ്ടമാക്കിയ  സഹോദരങ്ങളുടെ നൊമ്പരങ്ങള്‍ക്കൊപ്പം ഓണമില്ലാത്ത കേരളം ഇന്നുമുണ്ടാകും. ആ മുറിവുണങ്ങുംവരെ കലണ്ടര്‍താളിലെ അക്കം ചുവന്ന മറ്റേതൊരു നാളും പോലെയാണ് ഈ ഓണനാളും

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.