കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട സാര്‍; കയ്യടി നേടി ഈ വാക്കുകള്‍, വിഡിയോ

fisher-cm
SHARE

മഹാപ്രളയത്തിൽ അകപ്പെട്ട കേരളത്തിൽ പലയിടങ്ങളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരുന്നതിൽ വിജയകരമായ പങ്കുവഹിച്ച മൽസ്യ തൊഴിലാളികൾക്ക് കേരളമാകെ കയ്യടി. പല മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് കേരളത്തിലെ കടലിന്റെ മക്കൾക്ക് ലഭിക്കുന്നത്. കടലിലെ തിരകളെ മല്ലിട്ട് ഉപജീവന മാർഗം നടത്തുന്ന ഇവർക്ക് പ്രളയത്തിന്റെ കുത്തൊഴുക്കിനെതിരെ നീന്താൻ പ്രത്യേക പരിശീലനം ഒന്നും വേണ്ടായിരുന്നു. തങ്ങളുടെ മൽസ്യ ബന്ധന ബോട്ടുകളെടുത്ത് അവർ ഇറങ്ങി. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ സൈന്യം മൽസ്യതൊഴിലാളികൾ ആണെന്ന് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ എല്ലാ മൽസ്യതൊഴിലാളികൾക്കും പണവും വാഗ്ദാനം ചെയ്തു. മാത്രമല്ല തകർന്ന ബോട്ടുകൾ നന്നാക്കി നൽകാമെന്നും ഉറപ്പു നൽകി. എന്നാൽ തന്റെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി പണം വേണ്ട എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോർട്ടുകൊച്ചിക്കാരനായ ഖായിസ് മുഹമ്മദ്. ഖായിസ് ഒരു മൽസ്യതൊഴിലാളിയാണ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഖായിസ് സ്നേഹത്തോടെ പണം നിരസിക്കുന്നത്. എന്തായാലും ഖായിസിന്റെ ഈ വാക്കുകൾ നന്മ നശിക്കാത്ത കേരളത്തിന്റെ നേർക്കാഴ്ചയാകുന്നു.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോർട്ട് കൊച്ചിയിലാണ്. ഞാനൊരു മൽസ്യ തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാർബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.  

ഞാനും എന്റെ മൽസ്യതൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി പോയിരുന്നു. അതിൽ പങ്കെടുത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാൻ കേട്ടിരുന്നു, സാർ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മൽസ്യ തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാൽ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയ മൽസ്യതൊഴിലാളികള്‍ക്ക് 3000  രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങൾക്ക് വേണ്ട. 

സാർ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങൾക്ക് മറ്റ് ഉപജീവന മാർഗങ്ങൾ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങൾക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാൻ നിർത്തുന്നു'. ഇതാണ് ഖായിസ് മുഹമ്മദിന്റെ വാക്കുകൾ.

നിരവധിപേരാണ് ഖായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വിഡിയോ വളരെയധികം വൈറലുമായിരിക്കുകയാണ്. നിങ്ങളാണ് ഇപ്പോൾ കേരളത്തിലെ കൺകണ്ട ദൈവങ്ങൾ, രക്ഷകന്മാർ. കടപ്പാട് ഒന്നുകൊണ്ടും വീട്ടാൻ കഴിയില്ല തുടങ്ങിയ പ്രതികരണങ്ങളാണ് ഖായിസിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്.

MORE IN KERALA
SHOW MORE