മുൻമന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

cherkalam-abdullah
SHARE

മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള(76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്നു. കാസര്‍കോട്ടെ വസതിയിലാണ് അന്ത്യം. 2001ല്‍ എ.കെ.ആന്‍റണി മന്ത്രിസഭയില്‍ തദേശസ്വയംഭരണവകുപ്പ്  മന്ത്രിയായിരുന്നു. നാലുതവണ മഞ്ചേശ്വരം എംഎല്‍എയായിരുന്നു. ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവിൽ ലീഗ് സംസ്ഥാന ട്രഷററും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. കേരളമൊട്ടാകെ ' കുടുംബശ്രീ' സംവിധാനം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ചെർക്കളം അബ്ദുല്ലയായിരുന്നു.

മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോർഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ തുടങ്ങി പാ‍ർട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങൾ കൈകാര്യം ചെയ്തു. 1942 സെപ്റ്റംബർ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെർക്കളം അബ്ദുല്ല ചെറുപ്പം മുതൽ രാഷ്ട്രീയരംഗത്തുണ്ടായിരുന്നു.

മു‌സ്‌ലിം യൂത്ത് ലീഗിൽ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം 1987 ലാണ് ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രതീതിയുണ്ടാക്കിയ കടുത്ത മത്സരങ്ങൾ അതിജീവിച്ച് മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിന്റേയും യുഡിഎഫിന്റെയും വെന്നിക്കൊടി പാറിക്കാൻ ചെർക്കളം അബ്ദുല്ലയ്ക്ക് കഴിഞ്ഞു. 

MORE IN BREAKING NEWS
SHOW MORE