മഴപ്പൊലിമ പദ്ധതിയ്ക്കു ഡെന്‍മാര്‍ക്കിലെ രാജ്യാന്തര പുരസ്ക്കാരം ലഭിക്കാന്‍ സാധ്യത

kerala-project
SHARE

കേരളത്തിന്റെ മഴപ്പൊലിമ പദ്ധതിയ്ക്കു ഡെന്‍മാര്‍ക്കിലെ രാജ്യാന്തര പുരസ്ക്കാരം ലഭിക്കാന്‍ സാധ്യത. ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ രണ്ടാമതാണ് കേരളത്തിന്റെ സ്വന്തം പദ്ധതി. കൂടുതല്‍ പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയാല്‍ മഴപ്പൊലിമ ഒന്നാമതാകും. ലോകത്തെ മികച്ച ജല സംരക്ഷണ പദ്ധതി ഏതുരാജ്യത്തെയാണെന്ന് തിരഞ്ഞെടുക്കാന്‍ ഡെന്‍മാര്‍ക്കിലെ ഏജന്‍സി അപേക്ഷ ക്ഷണിച്ചിരുന്നു. േകരളത്തിന്റെ മഴപ്പൊലിമ പദ്ധതിയുടെ വിശദാംശങ്ങള്‍ അയച്ചുകൊടുത്തിരുന്നു. കെട്ടിടങ്ങളില്‍ പെയ്യുന്ന മഴവെള്ളം കിണറുകളിലേക്ക് റീ ചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് മഴപ്പൊലിമയായി അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ വിദഗ്ധനായ തൃശൂരിലെ ഡോ.ജോസ് സി റാഫേലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്. 

തൃശൂര്‍ ജില്ലയില്‍ മാത്രം മുപ്പതിനായിരം ഇടങ്ങളില്‍ മഴവെള്ള സംഭരണം നടപ്പാക്കിയതിന്റെ വിവരങ്ങളാണ് കൈമാറിയത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളെ പിന്‍തള്ളി മഴപ്പൊലിമ പദ്ധതി അവസാന പത്തില്‍ ഇടംപിടിച്ചു. ഓണ്‍ലൈന്‍ വോട്ടിങ് പ്രകാരം നിലവില്‍ രണ്ടാം സ്ഥാനത്താണ് ഈ പദ്ധതി. ഡബ്ലു.എ.എഫ്.എ ഡോട്ട് ഒ ആര്‍ ജി(WAFA.org) എന്ന വെബ്സൈറ്റിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മഴപ്പൊലിമ പദ്ധതി നേട്ടം കൈവരിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്ന് ജോസ് സി റാഫേലിന് കത്തു ലഭിച്ചിട്ടുണ്ട്. ജുലൈ മുപ്പതു വരെയാണ് വോട്ട് രേഖപ്പെടുത്തേണ്ട അവസാന ദിവസം. ലോകത്തെ മികച്ച ജലം, വായു, ഭക്ഷണം എന്നീ മൂന്നു വിഭാഗത്തിലുള്ള പദ്ധതികള്‍ക്കാണ് ഡെന്‍മാര്‍ക്കില്‍ പുരസ്ക്കാരം നല്‍കുന്നത്.

MORE IN KERALA
SHOW MORE