ഗീത വായിക്കാൻ എനിക്ക് സംഘപരിവാർ കണ്ണട വേണ്ട; ആഞ്ഞടിച്ച് പ്രഭാവർമ: അഭിമുഖം

prabha-varma-interview
SHARE

ഇന്നലെ എസ്.ഹരീഷ്. ഇന്ന് പ്രഭാവർമ. നാളെ..?. ആ കോളവും ഒരുപക്ഷേ നാളത്തെ പ്രഭാതം പൂരിപ്പിക്കുമായിരിക്കും. എഴുത്തിനെതിരായ കുടില, വർഗീയ നീക്കങ്ങളുടെ അവസാനത്തെ ഇരയായി കവി പ്രഭാവർമയും. സംഘപരിവാർ സംഘടനകളുടെ സൈബർ ആക്രമണങ്ങൾക്കും ഭീഷണിക്കും പിന്നാലെ തന്റെ പുതിയ നോവൽ എസ്.ഹരീഷ് പിൻവലിച്ചു. ആ വാര്‍ത്ത കേട്ടതിന് തൊട്ടുപിന്നാലെയാണ്  പ്രഭാവർമയെ തേടിയും അവരുടെ ഫോൺ എത്തിയത്.

ഹരീഷിന്റെ ‘മീശ’ എന്ന  നോവലിൽ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായതും നോവൽ പിൻവലിക്കുന്ന തരത്തിലേക്ക് എഴുത്തുകാരനെത്തിയതും. മീശ പ്രശ്നമായവർ തന്നെയാണ് പ്രഭാവർമയുടെ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനത്തിനെതിരെ രംഗത്തെത്തിയത്. ഫോണിലൂടെ ഭീഷണി മുഴക്കിയെന്ന് അദ്ദേഹം മനോരമ ന്യൂസ് ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു.

‘നിങ്ങൾ ഇനി ഭഗവത് ഗീതയെ പറ്റി എഴുതരുത്. ഇതാണ് അയാൾ എന്നോട് പറഞ്ഞത്. അതു പറയാൻ അവരാരാണ്. എന്റെ അഭിപ്രായങ്ങളും നിഗമനങ്ങളുമാണ് ഞാൻ എഴുതുന്നത്. എല്ലാ എഴുത്തുകാരും അങ്ങനെതന്നെയാണ്. വാരികയില്‍ എന്റെ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനോട് പൊരുത്തപ്പെടാൻ കഴിയാത്തവരുണ്ടാകാം അവർക്ക് അവരുടെ അഭിപ്രായം എഴുതിയോ പ്രസംഗിച്ചോ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. എന്നുവച്ച് എന്നെയങ്ങ് നിശബ്ദനാക്കി കളയാം എന്ന ധാരണ തെറ്റാണ്. അതിന് ഞാൻ ഒരുക്കമല്ല.

ശ്രീനാരായണ ഗുരു വേദങ്ങളെകുറിച്ചും ഉപനിഷത്തുക്കളെക്കുറിച്ചും ഒട്ടേറെ ലേഖനങ്ങളെഴുതിയിട്ടുണ്ട്. എന്നാൽ ഗുരു ഭഗവത്ഗീതയെ കുറിച്ച് എഴുതിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്നതിനാലാകാം അദ്ദേഹം ഇത്തരത്തിൽ എഴുതാതിരുന്നത് എന്ന് ഞാൻ ലേഖനത്തിൽ പറഞ്ഞു.

ശ്രീനാരായഗുരു മാത്രമല്ല സ്വാമി വിവേകാനന്ദനും ഭഗവത്ഗീതയോട് വിമര്‍ശനാത്മക സമീപനം സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യവും അതിൽ പറഞ്ഞു. അതിനാണ് ഒരു ഫോൺകോളിലൂടെ ഇനി നിങ്ങൾ എഴുതരുതെന്ന് കൽപ്പന വന്നിരിക്കുന്നത്. ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘപരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട– അദ്ദേഹം തുറന്നടിച്ചു.

MORE IN KERALA
SHOW MORE