ആര്‍ത്തവം അയോഗ്യതയെങ്കിൽ മാതൃത്വം കുറ്റകരമാണ്, സ്പീക്കറുടെ കുറിപ്പ്

sreeramakrishnan-sabarimala
SHARE

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാരും ദേവസ്വം ബോർഡും വാദപ്രതിവാദത്തിലാണ്. പുരുഷൻമാർക്ക് അനുവദനീയമെങ്കിൽ, പ്രായഭേദമെന്യേ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്നും അതു ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ പറഞ്ഞു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്ത്രീയും ഈശ്വരന്റെ, അല്ലെങ്കിൽ പ്രകൃതിയുടെ സൃഷ്ടിയാണ്. തൊഴിലിലും ഈശ്വരാരാധനയ്ക്കുള്ള അവകാശത്തിലും അവരോട് വേർതിരിവു കാട്ടുന്നതെന്തിനെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. 

പരമോന്നത കോടതിയുടെ നിരീക്ഷണങ്ങൾ പ്രസക്തവും ചിന്തോദ്ദീപകവുമാണെന്ന് സ്പീക്കർ പി. ശ്രീ രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീത്വം എങ്ങനെ ഒരു അയോഗ്യതയാകും എന്ന പ്രസക്തമായ ഒരു ചോദ്യം കോടതി ഉന്നയിച്ചു. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ആര്‍ത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റൂ, ആരാധന നടത്താന്‍ പറ്റൂ എന്ന് പറയുന്നത് ആര്‍ത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്. ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണ്.

ഒരു മാതാവിന്‍റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുക? ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പിന്‍തുടരുന്നത് നല്ലതാണ്. പക്ഷേ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുത് അത്. 

സ്ത്രീത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മാതാവിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്. കാലപ്രവാഹത്തില്‍ കടന്നുകൂടിയ അബദ്ധാചാരങ്ങള്‍ തിരുത്തിയേ തീരൂ എന്ന സുപ്രീംകോടതി നിരീക്ഷണം ശുഭോദര്‍ക്കമാണെന്നു സ്പീക്കർ കുറിപ്പിൽ വിശദീകരിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

MORE IN KERALA
SHOW MORE