മകളുടെ കല്ല്യാണത്തിന് വീട് പണയം വയ്ക്കാനിറങ്ങി; 70ലക്ഷം ലോട്ടറിയടിച്ചു

lottery-win
SHARE

മകളുടെ കല്ല്യാണത്തിന് പണം കണ്ടെത്താൻ കിടപ്പാടം വിൽക്കാനൊരുങ്ങിയ പിതാവിനെ ഭാഗ്യദേവത കനിഞ്ഞു. കേരള സർക്കാരിന്റെ പൗർണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഇൗ അച്ഛനെ തേടിയെത്തിയത് 70 ലക്ഷംരൂപ.  ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രനാണ് ഇൗ ഭാഗ്യവാൻ. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണു രവീന്ദ്രൻ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളിൽ നിന്ന് പൗർണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. 

തിങ്കളാഴ്ച ഫലം വന്നു. സമ്മാനാർ‌ഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് കോളിച്ചാൽ ശാഖാ മാനേജറെ ഏൽപിച്ചു. ഡിസംബർ രണ്ടിനാണു മകൾ ഹരിതയുടെ വിവാഹം. വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താൻ വേറെ വഴിയില്ലാത്തതിനാൽ സ്വത്തു പണയം വച്ച് പണമെടുക്കാമെന്നു രവീന്ദ്രനും ഭാര്യ കൈരളിയും തീരുമാനിച്ചു. തിങ്കളാഴ്ച രേഖകളുമായി ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്. ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ ആഗ്രഹങ്ങൾ.

MORE IN KERALA
SHOW MORE