അംബാനി മോഹിച്ചാൽ അമ്പിളിയമ്മാവനെയും മോദി വീട്ടിലെത്തിക്കും; പരിഹസിച്ച് ഐസക്ക്

ambani-isaac
SHARE

പ്രവർത്തനം ആരംഭിക്കുന്നതിന് മുന്‍പുതന്നെ വിവാദത്തിലായ മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയ കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ജെഎൻയു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ഈ നടപടി.ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉപമിക്കാന്‍ ചരിത്രത്തില്‍ ഒരു ഭരണാധികാരിയേ ഉള്ളൂ. സ്വപ്നത്തില്‍ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്നു രക്ഷപെടാന്‍ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടില്‍കിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോട്- ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഇതുവതെ തറക്കല്ല് പോലുമിട്ടിട്ടില്ലാത്ത സ്ഥാപനത്തിനാണ് ഈ പദവി നൽകിയിരിക്കുന്നത്. അംബാനി മോഹിച്ചാൽ അമ്പിളിയമ്മാവനെ സർക്കാർ ചെലവിൽ വീട്ടിലെത്തിച്ചുകൊടുക്കാൻ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികൾ എന്നാണ് ഐസക്കിന്റെ പരിഹാസം. രാജ്യത്തെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നൽകിയിരിക്കുന്നത്.  ഐഐടി മുംബൈ, ഐഐടി ഡൽഹി ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാൽ അക്കാദമി ഫോർ ഹയർ എജ്യൂക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. ഇതിനൊപ്പമാണ് റിലയൻസ് ഫൗണ്ടേഷന്റെ തുടങ്ങാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനും ശ്രേഷ്ഠപദവി പ്രഖ്യാപിച്ചിരിക്കുന്നത്. 

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണം. കടലാസ് സ്ഥാപനത്തെ ആഗോളനിലവാരവും നൂറ്റാണ്ടിനുമേൽ പ്രവർത്തന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളോടു താരതമ്യപ്പെടുത്തി ശ്രേഷ്ഠപദവിയും ഖജനാവിൽ നിന്ന് വൻ തുകയും നൽകി തുഗ്ലക്കിനെപ്പോലുള്ളവരെ ചരിത്രത്തിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രസക്തനാക്കുകയാണ് മോദിയെന്നും തോമസ് ഐസക്ക് ആരോപിക്കുന്നു.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

MORE IN KERALA
SHOW MORE