ഉമ്മാ കുറച്ച് വെള്ളം തരുമോ? ചോദ്യത്തിന് പിന്നാലെ ട്രെയിന് അവരെ ഇടിച്ചുതെറിപ്പിച്ചു

train-accident
SHARE

"ഉമ്മാ കുറച്ച് വെള്ളം തരുമോ?" എന്നു ചോദിച്ചാണ് ആ കുരുന്നുകൾ അമ്മയുടെ അടുത്തേക്ക് പോയത്. കുറച്ചുനേരം ക്ഷമിക്കൂ, അമ്മ ഇപ്പോൾ തരാമെന്ന് സ്നേഹത്തോടെ കുഞ്ഞുങ്ങളോട് പറയുകയും ചെയ്തു. എന്നാൽ അമ്മ കാണാതെ ബിലാലും ഇസ്മയിലും അമ്മയുടെ കണ്ണുവെട്ടിച്ച് നടന്നുകയറിയത് മരണത്തിലേക്ക്. അമ്മയുടെ കൺമുന്നിൽ രണ്ടു കുരുന്നുകളെയും ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. 

ആയിഷയുടെ നിലവിളി ട്രെയിനിന്റെ അലർച്ചയിൽ ആരും കേട്ടില്ല. രണ്ടുകുഞ്ഞുങ്ങളും കൈകോർത്ത് നടന്നുകയറിയത് മരണം പതിയിരിക്കുന്ന ട്രാക്കിലേക്കായിരുന്നുവെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല. മൊഗ്രാൽ ഒളയ്ക്കലിൽ റെയിൽവേ പാളത്തിനരികിലാണു സിദ്ദീഖിന്റെയും ആയിഷയുടെയും വാടകവീട്. പാളത്തിനപ്പുറത്ത് ആയിഷയുടെ കുടുംബവീട്ടിലെ കിണറിൽ നിന്നാണ് ഇവർ വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിച്ചിരുന്നത്. വെള്ളമെടുക്കാൻ പോകുമ്പോൾ മിക്കപ്പോഴും കുട്ടികളും കൂടെ കാണും. മാതാപിതാക്കൾ അറിയാതെ പാളം കടന്ന് അപ്പുറത്തു പോകാൻ കുരുന്നുകൾ ശ്രമിച്ചത് ഈ പരിചയം കാരണമാണ്. 

കൂലിപ്പണിക്കാരനാണു സിദ്ദീഖ്. ചെമ്മനാട് സ്വദേശിയായ സിദ്ദീഖ് ഇടയ്ക്ക് ഓട്ടോ ഓടിക്കാനും പോകും. ഞായറാഴ്ചയായതിനാൽ സിദ്ദീഖ് വീട്ടിലെ ജോലികളിൽ മുഴുകിയിരുന്നു. ഇരുവരുടെയും ശ്രദ്ധമാറിയ ഒരു നിമിഷം മതിയായിരുന്നു, ഒരു നാട് മുഴുവൻ കണ്ണീരിലാഴാൻ.

കുട്ടികളെ പെട്ടെന്നു കാണാതായപ്പോൾ സംശയം തോന്നിയാണ് ആയിഷ ട്രാക്കിനടുത്തേക്ക് ഓടിയെത്തുന്നത്. പക്ഷെ അപ്പോഴേക്കും രണ്ടു പേരും ട്രാക്കിൽ കയറി. ആയിഷയുടെ നിലവിളി ട്രെയിനിന്റെ അലർച്ചയ്ക്കുള്ളിൽ അലിഞ്ഞ് ഇല്ലാതായി. തൊട്ടു പിന്നാലെ സിദ്ദീഖും ഓടിയെത്തി.

കുട്ടികൾ രണ്ടുപേരും ഇടിയുടെ ആഘാതത്തിൽ ദൂരേക്കു തെറിച്ചു പോയി. പാളത്തിനടുത്തുള്ള വൈദ്യുത തൂണിൽ തലയിടിച്ച ബിലാൽ തൽക്ഷണം മരിച്ചു. ഇരുവരെയും വാരിയെടുത്തുള്ള മാതാപിതാക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ ഓടിയെത്തിയത്. അഞ്ചുവയസുകാരൻ ഇസ്മായിലിനെ വേഗം ആശുപത്രിയിലേക്കു കൊണ്ടുപോയി. 

കുമ്പള പൊലീസ് സ്ഥലത്തെത്തി ബിലാലിന്റെ ശരീരം ഇൻക്വസ്റ്റ് നടത്തി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇസ്മായിൽ. കാത്തിരിക്കുന്ന സ്നേഹത്തണലിലേക്ക് മുറിവുണങ്ങി അവൻ തിരിച്ചെത്തണേയെന്ന പ്രാർഥനയിലാണു നാട്.   ഇളയ മകൻ ബിലാൽ(മൂന്ന്) ആണ് മരിച്ചത്.

 മൃതദേഹം കൊപ്പളം ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി. സഹോദരങ്ങൾ: ഷാഹ്‌ല, (കൊപ്പളം ജിഎൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി), ഷാഹിദ്. 

MORE IN KERALA
SHOW MORE