ജൂനിയറായ രണ്ടുപേര്‍ എനിക്കുനേരെ ചാടിവീണു; അത് ആഘാതമായി: സുധീരന്‍

sudheeran-new
SHARE

ഉമ്മന്‍ചാണ്ടിക്കെതിരെ സമാനതകളില്ലാത്ത പരസ്യവിമര്‍ശനവുമായി വി.എം.സുധീരന്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അസ്വസ്ഥതയുടെ ഓളങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പ്. താന്‍ കെ.പി.സി.സി പ്രസിഡന്റായത് ഇഷ്ടപ്പെടാത്ത ഉമ്മന്‍ചാണ്ടി ക്രൂരമായ നിസംഗതകാണിച്ചെന്ന് സുധീരന്‍ പറഞ്ഞു. താന്‍ നയിച്ച ജനരക്ഷായാത്രകളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എ.ഐ.സി.സി തീരുമാനത്തിന് വിരുദ്ധമായാണ് വിഴിഞ്ഞം തുറമുഖ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതെന്നും സുധീരന്‍ ആരോപിച്ചു.

ഇതുവരെ വ്യംഗ്യമായും പേരുപറയാതെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന സുധീരന്‍ ഇന്ന് ലക്ഷ്യം ആരെന്ന് തുറന്നടിച്ച് ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടി. താന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുതല്‍ ഉമ്മന്‍ചാണ്ടിയുമായുണ്ടായിരുന്ന ഭിന്നതകള്‍ തുറന്നടിച്ചു. തന്നെ കെ.പി.സി.സി പ്രസിഡന്റാക്കിയത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. താന്‍ വളരെ ബദ്ധപ്പെട്ട് അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടപ്പോള്‍ നീരസം പ്രകടിപ്പിച്ചു.  

താന്‍ നയിച്ച ജനപക്ഷ, ജനരക്ഷായാത്രകളെ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. രണ്ട് ഗ്രൂപ്പ് നേതാക്കളും നിസഹകരിച്ചിട്ടും യാത്രയുടെ സമാപനത്തില്‍ ശംഖുമുഖം കടപ്പുറം നിറഞ്ഞുകവിഞ്ഞു. ബാര്‍ വിഷയത്തില്‍ തനിക്കു കിട്ടിയ ജനപിന്തുണ കണ്ട് അസൂയമൂലമാണ് ഉമ്മന്‍ചാണ്ടി എല്ലാബാറുകളും അടച്ചുപൂട്ടിയത്. 

എല്ലാവശങ്ങളും ചര്‍ച്ച ചെയ്യണമെന്ന എ.ഐ.സി.സി നിര്‍ദേശം അവഗണിച്ച് വിഴിഞ്ഞം കരാര്‍ അദാനിക്കു നല്‍കി. വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അഴിമതിയുണ്ടെന്ന ഇടതുമുന്നണിയുടെ ആരോപണങ്ങള്‍ക്ക് ബലംപകരുന്നതാണ് സുധീരന്റെ വാക്കുകള്‍. 

മദ്യനയമാണ് തോല്‍വിക്ക് കാരണമെന്ന് എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു.  ഞാന്‍ നിയമംപാലിക്കാത്ത ബാറുകള്‍ മാത്രമാണ് പൂട്ടാന്‍ പറഞ്ഞത്. എല്ലാംകൂടി പൂട്ടാന്‍ പറഞ്ഞിട്ടില്ല. ബാറുകള്‍ ഉമ്മന്‍ ചാണ്ടി പൂട്ടിയത് തനിക്ക് ലഭിച്ച ജനപിന്തുണയിലെ  അസൂയമൂലമാണ്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. 

ഇന്നലെ കെപിസിസി യോഗത്തില്‍ അവസാനം താന്‍ സംസാരിക്കുമ്പോള്‍ ജൂനിയറായ രണ്ടുപേര്‍ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്‍റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി.  ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജിയെപ്പറ്റി പറയേണ്ടിവന്നത്– സുധീരന്‍ പറഞ്ഞു.

ഇത് ഓപ്പണ്‍ വെല്ലുവിളി

നേതൃത്വത്തെ മറയില്ലാതെ വെല്ലുവിളിക്കുകയായിരുന്നു വീണ്ടും സുധീരന്‍. തെറ്റുതിരുത്താതെ പരസ്യപ്രസ്താവന വിലക്കി തന്നെ നിയന്ത്രിക്കാന്‍ നോക്കേണ്ട. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറാണ്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ ജനത്തിന് വിശ്വാസമില്ലെന്നും സുധീരന്‍ തുറന്നടിച്ചു.

ഗ്രൂപ്പുണ്ടാക്കാന്‍ ലക്ഷ്യംവച്ചല്ല തന്റെ വിമര്‍ശനങ്ങള്‍. തെറ്റു കണ്ടാല്‍ ഇനിയും പറയും. തിരുത്താനാകാത്ത തെറ്റ് ചെയ്തശേഷം പരസ്യപ്രസ്താവന വിലക്കിയിട്ട് കാര്യമില്ല. 

നിയമസഭാതിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം തന്റെ പ്രസ്താവനകളല്ല. ഗ്രൂപ്പ് മാനേജര്‍മാരാണ് പരാജയത്തിന് കാരണം. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ച മൂലം എട്ടുസീറ്റും കാലുവാരല്‍മൂലം 11 സീറ്റും പോയി.  

ചെങ്ങന്നൂരിലും താഴെതട്ടില്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. ഈ അനുഭവം കണ്ണുതുറപ്പിക്കണം. എന്നിട്ടും രാജ്യസഭാസീറ്റ് മാണിക്കുനല്‍കി.  ഇതുമൂലം യു.പി.എയ്ക്ക് ലോക്സഭയില്‍ ഒരു സീറ്റ് കുറയും. രാഹുല്‍ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധനീക്കങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണ്. ജനവിശ്വാസം ആര്‍ജിക്കുന്നതരത്തിലല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം.  

നിയമസഭാതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് താന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നെയ്യാര്‍ ഡാമില്‍ ചേര്‍ന്ന ക്യാംപ് എക്സിക്യൂട്ടീവില്‍ താന്‍ രാജിവയ്ക്കണമെന്ന് ആദ്യം തന്നെ ഹസന്‍ ആവശ്യപ്പെട്ടതോടെ തീരുമാനം മാറ്റിയെന്നും സുധീരന്‍ വെളിപ്പെടുത്തി. 

ഉമ്മന്‍ചാണ്ടിക്കായി തിരിച്ചടിച്ച് കെ.സി.ജോസഫ്

വി.എം.സുധീരന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള ഓപ്പണ്‍ ചലഞ്ചാണെന്ന് കെ.സി.ജോസഫ് എംഎല്‍എ. സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. കലാപക്കൊടി ഉയര്‍ത്തുന്നത് വേദനാജനകമാണെന്നും കെ.സി.ജോസഫ് പ്രതികരിച്ചു. സാധാരണപ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന നടപടിയാണിതെന്നും കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്  എം.എം ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

MORE IN KERALA
SHOW MORE