രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്റെ കുടുംബം പറയുന്നു; ദയവുണ്ടാകണം, ഇത് കേള്‍ക്കണം

jyothi-kashinathan
SHARE

രാജ്യത്തിനായി അച്ഛന്‍ ജീവന്‍ വെടിയുമ്പോള്‍ കാശിനാഥന് പ്രായം 30 ദിവസം മാത്രം. അച്ഛനെ കണ്ട ഒാര്‍മപോലും അവനില്ല. അച്ഛന്‍ ധീരനായ രാജ്യസ്നേഹി ആയിരുന്നെന്ന് നാടുമുഴുവന്‍ വാഴ്ത്തുമ്പോള്‍ അവന്‍ കാണുന്നത്  അമ്മ സർക്കാർ ഓഫിസുകൾ കയറ്റിയിറങ്ങുന്ന കാഴ്ചയാണ്. ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റു മരിച്ച മട്ടന്നൂർ കൊടോളിപ്രത്തെ നായിക് സി.രതീഷിന്റെ ഭാര്യ ജ്യോതിയാണ് ആശ്രിത നിയമനത്തിനായി സര്‍ക്കാരിന്റെ വാതിലില്‍ കഴിഞ്ഞ ഒരുവര്‍ഷമായി മുട്ടുന്നത്.  2016 ഡിസംബർ 17ന് ആയിരുന്നു രതീഷ് വീരമൃത്യു വരിച്ചത്. 

ജോലിയിൽ മരിക്കുന്ന സൈനികന്റെ കുടുംബത്തിനു താങ്ങും തണലുമായി രാജ്യവും സമൂഹവും ഒറ്റക്കെട്ടായി ഉണ്ടാവുമെന്നാണു കുടുംബാംഗങ്ങളുടെയും വിശ്വാസം. ആ വിശ്വാസം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തകര്‍ന്നുെന്ന് പറയാം ഇൗ കുടുംബത്തിന്റെ കാര്യത്തില്‍. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവരുടെ ആശ്രിതർക്കു ജോലി നൽകുകയെന്നതു നിയമപരമായ അവകാശമല്ല. എന്നാൽ, സമൂഹവും സർക്കാരും കാലങ്ങളായി ഏറ്റെടുത്ത കീഴ്‌വഴക്കമാണത്. എന്നാൽ ആശ്രിത നിയമനത്തിനു ജ്യോതി നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല. കൈക്കുഞ്ഞിനെയുംകൊണ്ട് പല സർക്കാർ ഓഫിസുകളും കയറിയിറങ്ങി. ജ്യോതിയുടെ ദുരിതം കണ്ടറിഞ്ഞ ജവാൻമാരുടെ സംഘടനയായ നാഷനൽ എക്സ് സർവീസ് മെൻ കോ–ഓർഡിനേഷൻ കമ്മിറ്റിയും ഇവർക്ക് നീതി ലഭ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. 2017 മാർച്ചിലാണു സൈനിക ക്ഷേമ ഓഫിസർക്ക് അപേക്ഷ നൽകിയത്. തുടർ നടപടിക്കായി തിരുവനന്തപുരത്ത് സൈനിക ക്ഷേമ സെക്രട്ടറിക്ക് അയച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 

അപേക്ഷയിൽ നടപടിയില്ലാത്തതിനാൽ  കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകി. അപേക്ഷ സൈനിക ക്ഷേമ സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന മറുപടി തന്നെ ലഭിച്ചു.  സ്വന്തമായി വീടുപോലുമില്ലാത്ത ജ്യോതി ഇപ്പോൾ അമ്മവീട്ടിലാണു താമസം. ഫിസിക്സിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയുമുണ്ട്. ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാവി സുരക്ഷിതമാക്കാം എന്ന ചിന്തയാണ് ജ്യോതിക്ക്. സര്‍ക്കാര്‍ കനിയുെമന്ന പ്രതീക്ഷയില്‍ ജ്യോതി മുന്നോട്ട് നടക്കുകയാണ് ഒപ്പം കാശിനാഥും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.