നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചവരെ പുറത്താക്കും

kozhikode-mavoor-road-cemetery
SHARE

നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കും. വൈദ്യുതി ശ്മശാനം ബോധപൂര്‍വം തൊഴിലാളികള്‍ കേടുവരുത്തിയതാണോ എന്നും പരിശോധിക്കും. മൃതദേഹത്തിനോടും ബന്ധുക്കളോടുമുള്ള അനാദരം അംഗീകരിക്കാനാകില്ലെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നാദാപുരം സ്വദേശി അശോകന്റെ  മൃതദേഹം സംസ്ക്കരിക്കാന്‍ തടസമുണ്ടായത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പരിഹരിച്ചത്.

കോര്‍പ്പറേഷന്‍ നേരിട്ട് ചുമതലപ്പെടുത്തിയിട്ടുള്ള കാര്‍മികരല്ലെങ്കിലും തൊഴിലാളികളുടെ ഭാഗത്തുണ്ടായ വീഴ്ച ഗുരുതരമാണ്. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കും. മൃതദേഹത്തിനോടുള്ള അനാദരത്തിന് ന്യായീകരണമില്ല. വൈദ്യുത ശ്മശാനത്തിന് കേടുണ്ടായത് ബോധപൂര്‍വമാണോ എന്ന് പരിശോധിക്കും.

നിപ്പ ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ച നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ കാര്‍മികര്‍ വിസമ്മതിച്ചത് മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. തലേദിവസം വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുത ശ്മശാനം പെട്ടെന്ന് കേടായതും സംശയത്തിനിടയാക്കി. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്‍മികരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. തിരുവനന്തപുരത്ത് നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ വൈദ്യുതി ശ്മശാനത്തിന്റെ പിഴവ് പരിഹരിക്കാനുള്ള നടപടി തുടങ്ങിയതായും മേയര്‍ അറിയിച്ചു.

MORE IN KERALA
SHOW MORE