മൂന്നാം വർഷത്തിൽ മൂക്കുംകുത്തി പിണറായി പൊലീസ്; മുഖം മിനുക്കാൻ ശ്രമം

pinarayi-police
SHARE

ജനമൈത്രി പൊലീസ് ജനദ്രോഹി പൊലീസെന്ന ചീത്തപ്പേര് കേട്ടതാണ് പിണറായി സര്‍ക്കാരിന്റെ ജനകീയതയ്ക്ക് പ്രധാന തിരിച്ചടിയായത്. കരുത്തനായ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊന്നും പൊലീസിന് നിയന്ത്രിക്കാനാവുന്നില്ലെന്ന ആക്ഷേപം വിട്ടൊഴിയാതെ തുടരുകയാണ്. കര്‍ശന നടപടികളിലൂടെയും നവീകരണത്തിലൂടെയും പൊലീസിന്റെ മുഖംമിനുക്കാനുള്ള ശ്രമത്തിലാണ്  മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുരോഗമിക്കുന്നത്.

ദിലീപ് അറസ്റ്റില്‍, ഏത് പ്രമുഖനെയും പിടിക്കുന്ന പൊലീസ്. ജിഷയെ കൊന്നവന് തൂക്കുകയറൊരുക്കിയ പൊലീസ്. നേട്ടങ്ങളുടെ സത്പേരില്‍ നിന്നാണ് ഇടിയന്‍ പൊലീസ്, തെറിയന്‍ പൊലീസെന്ന ചീത്തപ്പേരിലേക്ക് കേരള പൊലീസ് വീണത്.മലപ്പുറത്തും പുതുവൈപ്പിലുമെല്ലാം പൊലീസ് വില്ലന്‍ റോളിലായി. ശ്രീജിത്തിനെ ചവിട്ടി കൊന്നതിന് ചരിത്രമുള്ള കാലത്തോളം  പ്രതിക്കൂട്ടിലാകും. തീയറ്റര്‍പീഡന കേസിലെ പ്രതിയുടെ രക്ഷകനായും മാറിയതോടെ നാണക്കേടിന്റെ പടുകുഴിയിലാണിപ്പോള്‍. കൂടാതെ ചുവപ്പണിഞ്ഞ രാഷ്ട്രീയ അതിപ്രസരവും. 

ഈ ചീത്തപ്പേരെല്ലാം നേരിട്ട് പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. അതാണ് ഇനിയും പൊലീസിനെ ശരിയാക്കാനാവാത്ത മുഖ്യമന്ത്രിക്ക് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോളും ഈ വിരട്ടല്‍ ആവര്‍ത്തിക്കേണ്ടിവരുന്നത്.കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെന്നതാണ് പൊലീസിന്റെ മറുവാദം. കസറ്റഡി മരണത്തിലെ പ്രതികളെ ജയിലിലാക്കിയതും ക്രിമിനല്‍ പൊലീസിന് പിരിച്ചുവിടാനുള്ള നടപടിക്ക് തുടക്കിട്ടതും ചൂണ്ടിക്കാട്ടുന്നു. പക്ഷെ വീഴ്ചയും തിരുത്തലും മാത്രമായി ‍പൊലീസിന്റെ പണിയെന്ന ആക്ഷേപം മാറ്റി നേട്ടങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയാണ് പിണറായി പൊലീസിന് മൂന്നാവര്‍ഷത്തിലെ മുഖ്യവെല്ലുവിളി. 

MORE IN KERALA
SHOW MORE