സ്കൂള്‍ ബസുകളുടെ നിയന്ത്രണം മോട്ടോര്‍ വാഹന വകുപ്പ് ഏറ്റെടുക്കുന്നു

school-bus-accident
SHARE

സംസ്ഥാനത്തെ സ്കൂള്‍ ബസുകളുടെ നേരിട്ടുള്ള നിയന്ത്രണം മോട്ടോര്‍ വാഹന വകുപ്പ് ഏറ്റെടുക്കുന്നു. അമിതവേഗമടക്കം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.  ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത സ്കൂള്‍ ബസുകള്‍ക്ക് ഓണത്തിന് ശേഷം പെര്‍മിറ്റ് നല്‍കില്ലെന്ന് ഗതാഗത കമ്മീഷണർ കെ. പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ആറ് കുഞ്ഞുങ്ങളടക്കം ഏഴ് പേരുടെ ജീവനെടുത്ത കരിക്കകം ദുരന്തം ഇന്നും കണ്ണീരോര്‍മയാണ്. സ്കൂള്‍ ബസിന്റെ അമിതവേഗമായിരുന്നു നിയന്ത്രണം വിട്ട് പാര്‍വതിപുത്തനാറില്‍ പതിക്കാനിടയാക്കിയത്. ഇനി അങ്ങിനെയൊരു സ്കൂള്‍ ബസ് അമിതവേഗത്തിലോ അപകടകരമായ രീതിയിലോ പോകുന്നുണ്ടെങ്കില്‍ ആ നിമിഷം ഗതാഗത കമ്മീഷണറുടെ തിരുവനന്തപുരത്തെ ഓഫീസിലിരുന്ന് കാണാനാവും. അതിനായി തയാറാക്കുന്ന കണ്‍ട്രോള്‍റൂമുമായി സ്കൂള്‍ ബസുകളെ ബന്ധിപ്പിക്കാന്‍ എല്ലാ വാഹനത്തിലും ഓണത്തിന് മുന്‍പ് ജി.പി.എസ് ഘടിപ്പിക്കാനാണ് നിര്‍ദേശം.

ജി.പി.എസ് ഘടിപ്പിച്ച് കഴിഞ്ഞാല്‍ ബസ് ഏത് റൂട്ടിലാണ്, വേഗമെത്രയാണ് തുടങ്ങി സര്‍വകാര്യങ്ങളും ഒറ്റ ക്ളിക്കിലറിയാം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനാവും. ഇതിനായി പ്രത്യേക ബട്ടണും ജി.പി.എസിന്റെ ഭാഗമായി ഘടിപ്പിക്കും. ഇത്തരത്തില്‍ അമിതവേഗം അടക്കം എന്ത് പ്രശ്നം കണ്ടാലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വാഹനവകുപ്പ് ഓഫീസിലോ അറിയിച്ച്  നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. 

MORE IN KERALA
SHOW MORE