സംസ്ഥാനത്ത് സേഫ് കേരള പ്രൊജക്ട് ഒരുമാസത്തിനുള്ളില്‍ നടപ്പിലാക്കും

safe-kerala-project-t
SHARE

റോഡ് യാത്ര സുരക്ഷിതമാക്കാന്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഒരുമാസത്തിനുള്ളില്‍ സേഫ് കേരള പ്രൊജക്ട് നടപ്പിലാക്കും. ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ മാതൃകയിലാണ് മോട്ടോര്‍ വാഹനവകുപ്പ്  പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തസ്തിക ഉള്‍പ്പെടെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  

നിലവിലുള്ള മുപ്പത്തി നാല് സ്ക്വാഡുകള്‍ക്ക് പുറമെ അന്‍പത്തി ഒന്നെണ്ണം കൂടി സേഫ് കേരള പ്രോജക്ടിന്റെ ഭാഗമാകും. ഇതിനായി 262 പുതിയ തസ്തിക അനുവദിച്ചു. ഇരുപത്തി നാല് മണിക്കൂറും ഫലപ്രദമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം സാധ്യമാക്കുകയാണ് ലക്ഷ്യം. അപകടത്തില്‍പ്പെടുന്നവരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ച് പരിചരണം ഉറപ്പാക്കും. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും മുന്‍ഗണനയുണ്ടാകും. ഗതാഗത തടസമുണ്ടാക്കുന്ന സമയം വേഗത്തില്‍ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കും. ഇതിനായി ജി.പി.എസ് വെഹിക്കിള്‍ ട്രാക്കിങ്, നിരീക്ഷണ ക്യാമറ, വീഡിയോ നിരീക്ഷണം എന്നിവ ഉപയോഗപ്പെടുത്തും. പൊലീസ്, റവന്യൂ, അഗ്നിശമനസേന, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപനം ഉറപ്പാക്കും. 

പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം കൂടും. 2020 ഓടുകൂടി അപകടനിരക്ക് അന്‍പത് ശതമാനം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കടുക്കാന്‍ സേഫ് കേരള സഹായിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.  

MORE IN KERALA
SHOW MORE