പൊലീസ് ലോക്കപ്പ്: കേന്ദ്രീകൃത സംവിധാനമെന്ന നിർദേശം നടപ്പായില്ല

JAIL
SHARE

പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് സംവിധാനം ഇല്ലാതാക്കുന്നതിനും, പകരമായി , കേന്ദ്രീകൃത സംവിധാനം ഒരുക്കുന്നതിനും, ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി പതിമൂന്ന് വര്‍ഷം മുമ്പ് നല്‍കിയ നിര്‍ദേശം ഉദ്ഘാടനത്തിനപ്പുറം പോയില്ല.  കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കോട്ടയം മണര്‍കാട് സ്റ്റേഷനില്‍ തുടങ്ങിയ പദ്ധതി പ്രായോഗികമല്ല എന്ന പേരില്‍ പൊലീസ് തന്നെ അട്ടിമറിച്ചു.

ലോക്കപ്പ് മര്‍ദനങ്ങളും മരണങ്ങളും  ഒഴിവാക്കുക  എന്ന  ലക്ഷ്യത്തോടെയാണ്   എ.കെ. ആന്‍റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായി മൂന്നംഗ കമ്മീഷനെ  നിയോഗിക്കുന്നത്. മുന്‍ ഡിജിപി കെ.വി. രാജഗോപാലന്‍ നായര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.എന്‍ ജയചന്ദ്രന്‍ എന്നിവരായിരുന്നു മറ്റ് കമ്മീഷനംഗങ്ങള്‍.  ലോക്കപ്പ് മര്‍ദനങ്ങളും മരണങ്ങളിലേറെയും നടക്കുന്നത് രാത്രി ഒരുമണിയ്ക്കും പുലര്‍ച്ചെ നാലിനും ഇടയിലാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍ .  മര്‍ദനത്തിന് പിന്നില്‍ കാരണങ്ങള്‍ മൂന്നാണ്. ഒന്ന്  കുറ്റം സമ്മതിപ്പിക്കാന്‍, രണ്ട്, വിരോധം,  മൂന്ന് , മറ്റാരുടെയങ്കിലും വിരോധം  പൊലീസിന്‍റെ സഹായത്താല്‍ തീര്‍ക്കുന്നു. അഭിഭാഷകര്‍ , പൊതുജനങ്ങള്‍  പൊലീസ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി 2005ല്‍ ഈ സമിതി നല്‍കിയ ശുപാര്‍ശയിലെ പ്രധാന കാര്യം ലോക്കപ്പുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നൊഴിവാക്കി കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു. അതായത് അഞ്ചോ ആറോ സ്റ്റേഷനുകളുടെ  ലോക്കപ്പ് ഏതെങ്കിലും ഒരു സ്റ്റേഷന് കീഴിലേക്കാക്കുന്നു. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് ഇതിന്‍റെ ചുമതല നല്‍കണം. റജിസ്റ്റര്‍  സൂക്ഷിക്കണം, ആഴ്ചയിലൊരിക്കല്‍ മജിസ്ട്രേറ്റ്തല മേല്‍നോട്ടം വേണം. ക്യാമറ  സ്ഥാപിക്കണം.  എന്നാല്‍ 2005ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍  2006ല്‍ ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്  പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയം മണര്‍കാട് സ്റ്റേഷനില്‍ പുതിയ സംവിധാനം തുടങ്ങിയെങ്കിലും പിന്നീട് മുന്നോട്ടുകൊണ്ടുപോകുകയോ മറ്റിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുകയോ ചെയ്തില്ല. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വിട്ട് ലോക്കപ്പ് പ്രവര്‍ത്തിപ്പിക്കണം എന്ന പ്രധാന ശുപാര്‍ശ തന്നെ അട്ടിമറിക്കപ്പെട്ടു. മാത്രമല്ല ഇരുപത് പ്രതികളെ ഒരേ സമയം പാര്‍പ്പിക്കാനുള്ള ഒരു വലിയ മുറി നിര്‍മിച്ചുവെന്നല്ലാതെ റിപ്പോര്‍ട്ടിലെ ഒരു കാര്യവും നടപ്പിലാക്കിയില്ല.  ഏത് സ്റ്റേഷനില്‍ നിന്നാണോ പ്രതികളെ കൊണ്ടുവരുന്നത് അവര്‍ തന്നെ സുരക്ഷ ഒരുക്കേണ്ടതായും വന്നു.  ചുരുക്കത്തില്‍  റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പ്രാധാന്യത്തോടെനടപ്പിലാക്കാന്‍ ഭരണകൂടമോ പൊലീസ് സംവിധാനമോ തയ്യാറായില്ല

MORE IN KERALA
SHOW MORE