കുത്തിക്കൊന്നത് ആന; പാപ്പാന്റെ ശമ്പളം അരലക്ഷം പിടിച്ചു; 32 വര്‍ഷമായിട്ടും നീതിയില്ല

ke-raman
SHARE

തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ കെ.ഇ.രാമന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പപ്പാനായിരുന്നു. സീതാരാമന്റെ പാപ്പാന്‍. 1986 മേയ് 29ന് തൃപ്പൂണിത്തുറ പൂര്‍ണത്രേയ ക്ഷേത്ര ഉല്‍സവം നടക്കുകയാണ്. സീതാരാമന്റെ പുറത്ത് പാപ്പാന്‍ രാമനുണ്ട്. ആന എഴുന്നള്ളിപ്പുമായി മുന്നോട്ടു നീങ്ങി. ക്ഷേത്ര കവാടം കടക്കുന്നതിനിടെ ഇടതുവശത്തു നിന്നിരുന്ന അറുപതുകാരിയെ ആന കുത്തി. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. രാമനും സഹോദരനുമായിരുന്നു സീതാരാമന്റെ പാപ്പാന്‍മാര്‍. ആനയെ ഉടനെ തളച്ചതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടമ്മയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ദേവസ്വം ബോര്‍ഡ് നഷ്ടപരിഹാരം നല്‍കി. പക്ഷേ, ദേവസ്വം ബോര്‍ഡ് ഒരു തീരുമാനമെടുത്തു. രാമന്റേയും സഹോദരന്റേയും ശമ്പളത്തില്‍ നിന്ന് ഒരുലക്ഷം രൂപ തിരിച്ചുപിടിക്കാന്‍.

തുച്ഛമായ പ്രതിമാസ ശമ്പളത്തില്‍ നിന്ന് അഞ്ഞൂറും ആയിരവും ദേവസ്വം ബോര്‍ഡ് പിടിച്ചു. 1991ല്‍ പാപ്പാന്‍ സഹോദരന്‍മാര്‍ കോടതിയെ സമീപിച്ചു. പിന്നെ,  ശമ്പളത്തില്‍ നിന്ന് തുക പിടിക്കാതിരിക്കാന്‍ നിയമപോരാട്ടങ്ങള്‍. കാല്‍നൂറ്റാണ്ട് കോടതി കയറിയിറങ്ങിയ ശേഷമാണ് അനുകൂലമായി വിധി കിട്ടിയത്. എന്നിട്ടും പണം കിട്ടിയില്ല. രാമന്റെ സഹോദരന്‍ മരിച്ചു. ഇനി, മരിക്കും മുൻപെങ്കിലും ശമ്പളവും കോടതി ചെലവും തിരിച്ചുകിട്ടണമെന്നാണ് പ്രതീക്ഷ.

ആന ഒരു വന്യമൃഗമാണ്. ഈ വന്യമൃഗത്തെ നാട്ടില്‍ കൊണ്ടുനടക്കാന്‍ പാപ്പാന്‍മാര്‍ മെരുക്കിയെടുക്കണം. പലപ്പോഴും അപ്രതീക്ഷിതമായിരിക്കും ആനയുടെ പ്രകോപനം. ആനയുടെ കുറ്റത്തിന് എല്ലാം പാപ്പാന്‍ പിഴയൊടുക്കേണ്ടി വന്നാലോ. കാരണം, ഇടഞ്ഞ ആനകള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് വന്‍വില കൊടുക്കേണ്ടി വരും. ഇതെല്ലാം പാപ്പാന് വഹിക്കാന്‍ കഴിയില്ല. തൃപ്പുണിത്തുറയില്‍ പാപ്പാന്റെ അശ്രദ്ധയാണ് ആനയുടെ ആക്രമണത്തിന് കാരണമെന്ന് ബോര്‍ഡ് വിലയിരുത്തി. 

തുച്ഛ ശമ്പളത്തില്‍ നിന്ന് പണം പിടിച്ചതോടെ പാപ്പാന്റെ കുടുംബജീവിതവും താളംതെറ്റി. പാപ്പാന്‍ രാമന് ഇപ്പോള്‍ 70 വയസ് കഴിഞ്ഞു. ഹൈക്കോടതി പണം തിരിച്ചുനല്‍കാന്‍ പറഞ്ഞിട്ട് മൂന്നു വര്‍ഷമായി. ശമ്പളം പിടിച്ചതിന്റെ രേഖകള്‍ കാണാനില്ലെന്ന് ദേവസ്വം മുന്‍ഭരണസമിതി പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ് രാമന്‍. അന്‍പതിനായിരവും കോടതി ചെലവും ഉള്‍പ്പെടെ മൂന്നു ലക്ഷം രൂപയാണ് രാമന് കിട്ടാനുള്ളത്.

MORE IN KERALA
SHOW MORE