എന്നിട്ടരിശം തീരാഞ്ഞിട്ട്... ജേക്കബ് തോമസിന് സര്‍ക്കാര്‍ വക യാത്രാവിലക്കും

pinarayi-jacob-thomas
SHARE

സസ്പെന്‍ഷനു പുറമേ ജേക്കബ് തോമസിനു വിദേശയാത്രക്കുള്ള അനുമതിയും നിഷേധിച്ചു സര്‍ക്കാര്‍. അച്ചടക്കനടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണ് അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി ചൂണ്ടികാണിച്ചിരിക്കുന്നത്. 

ജേക്കബ് തോമസിനെ വിടാതെ പിന്തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ആദ്യം നിര്‍ബന്ധിത അവധിയെടുപ്പിച്ചു, പിന്നീട് പദവിയില്‍ നിന്നും മാറ്റി, സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ ഒടുവില്‍ സസ്പെന്‍ഷനും നല്‍കി. ആദ്യ സസ്പെന്‍ഷനില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കേന്ദ്രം പറഞ്ഞതിനു പിന്നാലെ വീണ്ടും സസ്പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ മടിച്ചില്ല. 

എന്നിട്ടും അരിശം തീരാതെ സര്‍ക്കാര്‍ ഇപ്പോള്‍ ജേക്കബ് തോമസിന്റെ വിദേശയാത്രക്കുളള അപേക്ഷയും തള്ളി. അമേരിക്ക, കാനഡ, സ്വിസര്‍ലാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി വേണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കഴിഞ്ഞമാസം 29 നു സര്‍ക്കാരിനെ സമീപിച്ചത്. 

ഈ മാസം 25 മുതല്‍ ഒരുമാസത്തെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതിയാണ് സര്‍ക്കാരിനോടു തേടിയത്. 

വകുപ്പുതല നടപടിയുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷമവുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥനു വിദേശ യാത്രക്കുള്ള അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടികാട്ടി കഴിഞ്ഞദിവസമാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിനു മറുപടി നല്‍കിയത്. 

MORE IN BREAKING NEWS
SHOW MORE