എന്‍റെ രാഷ്ട്രീയജീവിതം കഴിഞ്ഞു; കാരണം ചെന്നിത്തല: തുറന്നുപറഞ്ഞ് ശോഭനാ ജോര്‍ജ്

ramesh-shobana
SHARE

രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് ചെങ്ങന്നൂരിലേക്ക്. തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണികളെല്ലാം ശക്തമായ പ്രചാരണത്തിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കെ ചെങ്ങന്നൂരില്‍ ഏറെ വര്‍ഷം ജനപ്രതിനിധിയായിരുന്ന ശോഭന ജോര്‍ജ് സംസാരിക്കുന്നു. മൂന്ന് തവണയാണ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് ശോഭനാ ജോർജ്  നിയമസഭയിലേക്ക് എത്തിയത്. അതും കോൺഗ്രസ് പ്രതിനിധിയായി. കെ.കരുണാകരനാണ് ശോഭനയുടെ രാഷ്ട്രീയ ഗുരു.  ശോഭനാ ജോർജ് ചെങ്ങന്നൂരിലെ ഈ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണം തുടങ്ങുന്നതിന് മുന്‍പേ ശോഭന ജോര്‍ജിനെ വീട്ടിലെത്തി സഹകരണം തേടി. കൂടുമാറ്റത്തെക്കുറിച്ച്, കോണ്‍ഗ്രസിലെ ദുരനുഭവങ്ങളെക്കുറിച്ച് അവര്‍ മനോരമ ന്യൂസ് ഡോട്ട്കോമുമായി സംസാരിക്കുന്നു. 

ഞാന്‍ കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസ് എന്നെ കൈവിട്ടു

2005ലാണ് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ.കരുണാകരന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് രൂപം കൊള്ളുന്നത്. അതിന് തുടർച്ചയായി തന്നെ 2006ൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. അപ്പോൾ ഞാൻ പറഞ്ഞു. കോൺഗ്രസിനൊപ്പം നിൽക്കാനാണ് തീരുമാനമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം. കാരണം മൂന്ന് തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുകയും ഇപ്പോൾ കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ടെലിവിഷൻ ചിഹ്നത്തിൽ മത്സരിക്കുന്നതിന് പകരം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതാണ് നല്ലത്. കാരണം മൂന്ന് പ്രാവശ്യം മത്സരിച്ച് ജയിച്ച മണ്ഡലത്തിൽ കോൺഗ്രസിന്റേതാണെന്ന് പറയുകയും ടെലിവിഷൻ ചിഹ്നത്തിൽ മത്സരിക്കുന്നതും ശരിയല്ലെന്ന് എനിക്ക് തോന്നി.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനാണെങ്കിൽ ഞാൻ മണ്ഡലത്തെ പ്രതിനിധീകരിക്കാം. അല്ലെങ്കിൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ലീഡറെ അറിയിച്ചു. ഞാൻ പറയുന്നത് ശരിയാണെന്ന് അന്ന് ലീഡർ പറഞ്ഞു. എന്നാൽ, അന്തിമഘട്ടം എത്തിയപ്പോൾ അതിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഞാൻ മത്സരിക്കണമെന്നും ലീഡർ ആവശ്യപ്പെട്ടു. അപ്പോൾ ഏതായാലും ഈ ചിഹ്നത്തിൽ ചെങ്ങന്നൂരിലേക്ക് പോകാനാകില്ലെന്ന് ഞാൻ പറഞ്ഞു. പകരം വെസ്റ്റിൽ ടെലിവിഷൻ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തു. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ശരത് ചന്ദ്ര പ്രസാദ് മത്സരിക്കുകയും ഞാൻ അവിടെ പരാജയപ്പെടുകയും ചെയ്തു. കാരണം ലീഡറിനൊപ്പം നിൽക്കുന്ന സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തുക എന്ന ഹിഡൺ അജണ്ട അവിടെ നടപ്പായിട്ടുണ്ടെന്ന് മനസിലായി. 

shobhana-george

എന്നാല്‍ അതെല്ലാം മറന്ന് തൃശൂരിൽ വച്ച് നടന്ന സമ്മേളനത്തിൽ ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കുകയും ലീഡറിനൊപ്പം നിന്ന മറ്റെല്ലാ ഭാരവാഹികളെയും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ എന്നെ മാത്രം തിരിച്ചെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. കെ കരുണാകരനൊപ്പം കോൺഗ്രസ് വിടുമ്പോൾ ഞാൻ കെപിസിസിയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്. പക്ഷെ തിരിച്ചെടുത്തപ്പോൾ ആ സ്ഥാനത്ത് എന്നെ നിലനിർത്തിയില്ലെന്ന് മാത്രമല്ല. മെമ്പർഷിപ്പ് പോലും നല്‍കിയില്ല. ആദ്യമൊക്കെ പുതിയ ആളുകൾ വരുന്നതുകൊണ്ടായിരിക്കുമെന്നാണ് കരുതിയത്.

പക്ഷെ, പിന്നീടെനിക്ക് മനസ്സിലായി. ഒഴിവാക്കാൻ തന്നെയുള്ള നീക്കമായിരുന്നു അത്. അതിനുശേഷം 2006 മുതൽ 2016 വരെയുള്ള കാലത്ത് ഞാൻ നിരന്തരം ആവശ്യപ്പെട്ടു. എനിക്ക് പാർട്ടിയിൽ ഒരു മെമ്പർഷിപ്പ് എങ്കിലും തരണം. പക്ഷെ ആരും ചെവിക്കൊണ്ടില്ല. ആ കാലയളവിൽ ഞാൻ പാർട്ടിയെ ഉപേക്ഷിക്കുകയല്ല മറിച്ച് കോൺഗ്രസ് നേതൃത്വം എന്നെ അവഗണിക്കുകയായിരുന്നു ചെയ്തത്. 

chengannur-candidates-1

കഴിഞ്ഞ 12 വർഷക്കാലമായി കോൺഗ്രസിന്റെ മെമ്പർഷിപ്പ് പോലും എനിക്കില്ല. കോൺഗ്രസിന്റെ ഏതെങ്കിലും പ്രധാനപ്പെട്ട വേദിയിൽ എന്നെ കണ്ടിട്ടുണ്ടോ? 12 വർഷക്കാലം ഇത്രയധികം അകറ്റി നിർത്തിയ ഒരു പാർട്ടിയിൽ ആരെങ്കിലും തുടരുമോ? ആർക്കെങ്കിലും കഴിയുമോ ഇത്രയും അവഗണന സഹിച്ച് ഇത്രകാലവും തുടരാൻ? പലരും എനിക്കെതിരെ സൈബർ ആക്രമണം നടത്തി. കോൺഗ്രസ് പാർട്ടിക്ക് ഞാൻ ചെയ്ത നല്ലകാര്യങ്ങളൊന്നും ആരും ഒാർത്തില്ല. 1991 വരെ ചെങ്ങന്നൂരിൽ കോൺഗ്രസ് മത്സരിച്ചില്ല. അതുവരെ ചെങ്ങന്നൂരിൽ ജാതി രാഷ്ട്രീയവും വ്യക്തി താത്പര്യങ്ങളുമാണ് ചെങ്ങന്നൂരില്‍ കൊടികുത്തി വാണത്. അന്ന് യൂത്ത് കോൺഗ്രസിന്റെ 14 ഭാരവാഹികൾക്ക് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ആ കൂട്ടത്തിലെ ഏക വനിതാ ഭാരവാഹിയായിരുന്നു ഞാൻ. 

നിലവില്‍ 17000 വോട്ടിന്റെ ഭൂരിപക്ഷമുള്ളൊരു എംഎൽഎ ഉള്ളിടത്തേക്കാണ് അവരെന്നെ മത്സരിക്കാൻ വിടുന്നത്. കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ലാത്ത മണ്ഡലത്തിലേക്ക് കോൺഗ്രസിന് വേരോട്ടം കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് ചെങ്ങന്നൂർ ഒരു കോൺഗ്രസ് മണ്ഡലമാകുന്നത്. ഞാൻ മൂന്ന് വട്ടം മത്സരിച്ച മണ്ഡലത്തിൽ പി.സി.വിഷ്ണുനാഥ് നാലാമത്തെ വട്ടം മത്സരിച്ചപ്പോൾ ശോഭന ചേച്ചി തുടങ്ങിവച്ച വികസന പദ്ധതികൾ പൂര്‍ത്തീകരിക്കാൻ എനിക്കൊരു അവസരം നൽകണമെന്ന് പറഞ്ഞാണ് വോട്ട് പിടിച്ച് ജയിച്ചത്. അതിൽ കൂടുതൽ എന്താണ് ഞാന്‍ കോൺഗ്രസിനോട് നീതി പുലര്‍ത്തേണ്ടത്.? 

ഇനി ഇടതുപക്ഷത്തോടൊപ്പം, എന്തുകൊണ്ട്..?

കോണ്‍ഗ്രസിലെ അവഗണന കൊണ്ട് മാത്രം എടുത്ത ഒരു തീരുമാനമായിരുന്നില്ല. അവഗണനയുണ്ടായിട്ടും വർഷങ്ങളോളം ഞാൻ നിശബ്ദയായി നിന്നു. 2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് ഞാൻ ഉമ്മൻചാണ്ടിയോടും പി.സി.വിഷ്ണുനാഥിനോടും പറഞ്ഞിരുന്നു. കാരണം തുടങ്ങിവച്ച ഒരു പദ്ധതിയും പൂർത്തിയായില്ല. പി.സി.വിഷ്ണുനാഥ് നല്ലൊരു സംഘാടകനാണ്. പക്ഷെ നല്ലൊരു ജനപ്രതിനിധിയാകാൻ വിഷ്ണുനാഥിന് കഴിഞ്ഞില്ല. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഞാൻ തീരുമാനിച്ചു. ഇനി എന്തുവന്നാലും ഇങ്ങനെ തുടരാൻ പറ്റില്ല. കാരണം ചെങ്ങന്നൂരിനെ അവഗണിക്കുന്നവർക്ക് ചെങ്ങന്നൂരില്‍ സ്ഥാനമില്ല. കോൺഗ്രസിനെതിരെ മത്സരിക്കണമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ എനിക്ക് സ്വതന്ത്രയായി മത്സരിക്കേണ്ടി വന്നു.

ഒരു ദുരന്തം കൂടി ചെങ്ങന്നൂരില്‍ ഉണ്ടാകരുത്. കാരണം ഇങ്ങനെ പോയാൽ ബിജെപിക്ക് അതൊരു വളമാകും. അതുപാടില്ല, അങ്ങനെ വര്‍ഗീയ കക്ഷികൾക്ക് വളരാൻ ഒരു സാഹചര്യം ചെങ്ങന്നൂരിൽ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഒരു തീരുമാനത്തിന്റെ ഭാഗമായാണ് കെ.കെ.രാമചന്ദ്രൻ നായർ വിജയിച്ചത്. ജയിച്ചു വന്നപ്പോൾ ചെങ്ങന്നൂരിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഒരിക്കലും കെ.െക.രാമചന്ദ്രൻ നായരിൽ നിന്നും അത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു. അദ്ദേഹം എന്നെകൂടി ഉൾപ്പെടുത്തി പലകാര്യങ്ങളും മണ്ഡലത്തിനുവേണ്ടി ചെയ്തു. 

chengannur-election-t

സജി ചെറിയാൻ എന്ന സിപിഎം ജില്ലാ സെക്രട്ടറിക്ക് അതിൽ നിർണായകമായ പങ്കുണ്ടായിരുന്നു എന്ന് അപ്പോഴെനിക്ക് മനസിലായി. ആലപ്പുഴ മണ്ഡലത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന മണ്ഡലമായി കെ.കെ.രാമചന്ദ്രന്‍ നായരുടെയും സജി ചെറിയാന്റെയും ഇടപെടലിലൂടെ ചെങ്ങന്നൂർ മാറി. അങ്ങനെയിരിക്കുമ്പോഴാണ് കെ.കെ.രാമചന്ദ്രൻ നായരുടെ ആകസ്മികമായ മരണം. തുടർന്ന് സജി ചെറിയാന്റെ സ്ഥാനാർഥിത്വം വരുന്നു. സജിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ആ അവസരത്തിലാണ് സജിയെ പിന്തുണയ്ക്കാമെന്ന് ഞാൻ തീരുമാനിക്കുന്നത്.

സർക്കാരിൽ സ്വാധീനമുള്ള ഒരാളായിരിക്കണം ചെങ്ങന്നൂരിനെ നയിക്കേണ്ടതെന്ന് എനിക്ക് തോന്നി. മാത്രമല്ല വർഗിയതയ്ക്കെതിരെ കൊണ്ടും കൊടുത്തും പോരാടാൻ കഴിയുന്നത് ഇടതുപക്ഷത്തിനാണ്. വര്‍ഗീയതയ്ക്കെതിരെ ഒരു വലിയ പോരാട്ടം ആവശ്യമാണ്. അങ്ങനെയെങ്കിൽ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാമെന്ന് തീരുമാനിച്ചു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ സജി ചെറിയാന് വേണ്ടി പ്രവർത്തിക്കാൻതന്നെയാണ് തീരുമാനം. ഇനി ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുകയല്ലാതെ മറ്റൊരു ചിന്തയില്ല. 

സ്ഥാനമാനങ്ങളോട് മോഹമില്ല  

ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ആദ്യ വർഷങ്ങളിലാണ് സ്ഥാനമാനങ്ങൾക്കെല്ലാം പ്രസക്തിയുള്ളത്. അങ്ങനെ നോക്കുകയാണെങ്കിൽ കഴിഞ്ഞ രണ്ടുവർഷം എനിക്കത് ആകാമായിരുന്നു. അന്ന്  ഞാൻ മത്സരിച്ചതുകൊണ്ടാണല്ലോ വിഷ്ണുനാഥ് പരാജയപ്പെട്ടു എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ അന്നേ എനിക്ക് ഇടതുപക്ഷത്ത് സ്ഥാനമാനങ്ങൾ ആവശ്യപ്പെടാമായിരുന്നു. പക്ഷെ ഞാനത് ചെയ്യില്ല. അങ്ങനെ കോൺഗ്രസിനെ പരാജയപ്പെടുത്തിയെന്ന പേരിൽ ഒരു സ്ഥാനവും വേണ്ടെന്ന് തന്നെയായിരുന്നു തീരുമാനം. സ്ഥാനമാനങ്ങളെ പറ്റി ഞാൻ ഇപ്പോഴും ചിന്തിക്കുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന് മാത്രമാണ് ഞാനിപ്പോൾ കരുതുന്നത്. സ്ഥാനം കിട്ടിയാൽ നമുക്ക് കൂടുതൽ എന്തെങ്കിലും ചെയ്യാം. ഇല്ലെങ്കിലും നമുക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാമല്ലോ. 

എന്നെ ഇല്ലാതാക്കിയത് രമേശ് ചെന്നിത്തല

പതിനാറോ പതിനേഴോ ആളുകൾ കെപിസിസി ഭാരവാഹികളായിരുന്നിരുന്ന കാലത്ത് കെപിസിസി സെക്രട്ടറിയായ ആളാണ്. അപ്പോഴാണ് ലീഡറെടുത്ത തീരുമാനത്തിനൊപ്പം നിന്നത്. അതാണ് ശരിയെന്ന് അന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തെക്കാൾ വലിയ ആളല്ല കോൺഗ്രസിൽ ഞാൻ. എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പതനം ഇവിടെ തുടങ്ങുകയാണ് എന്ന്. അന്ന്, എന്നോടൊപ്പം ഒൻപതു പേരുണ്ടായിരുന്നു. ഇനി കോൺഗ്രസിൽ ഒരു ടാർജറ്റഡ് വ്യക്തിയാകും ഞാനെന്ന് എനിക്കറിയാമായിരുന്നു. 

പിന്നീട് തിരിച്ചു വന്നപ്പോൾ ഞാൻ പോകുമ്പോൾ ആരുമല്ലാതിരുന്ന നാൽപതോളം വനിതകൾ കെപിസിസിയിൽ ഇരിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് 368 പേരുള്ളതിൽ ശോഭനാ ജോർജിനെ ഒരംഗമാക്കാൻ എന്തായിരുന്നു പ്രശ്നം. അന്ന് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നു. ഉമ്മൻചാണ്ടി വരെ അദ്ദേഹത്തോട് പറഞ്ഞു, ശോഭനയ്ക്ക് കെപിസിസി എക്സിക്യൂട്ടീവ് സ്ഥാനമെങ്കിലും കൊടുക്കൂവെന്ന്.  രമേശ് കൊടുക്കില്ലെന്ന് പറഞ്ഞു. എന്താണ് കൊടുക്കാത്തതെന്നും പിന്നെ രമേശ് ആര്‍ക്കൊക്കെ ആ സ്ഥാനം നൽകിയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

എന്തായിരുന്നു രമേശ് ചെന്നിത്തല സ്ഥാനം നൽകിയവർക്കെല്ലാം ഉണ്ടായിരുന്ന യോഗ്യത? എന്തായിരുന്നു എന്റെ അയോഗ്യത. ഇനിയെങ്കിലും ഞാനത് ചോദിച്ചില്ലെങ്കിൽ കോൺഗ്രസിനകത്ത് ഒരു തെറ്റായ കീഴ് വഴക്കം ഉണ്ടാകും. പലരുടെയും കണ്ണീരു കണ്ടിട്ടുണ്ട് ഞാൻ. ഇപ്പോൾ ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. 

കോൺഗ്രസിനകത്ത് ഒരു പദവിയിൽ വന്ന് ഒരു സ്ത്രീക്ക് ഉറച്ചു നിൽക്കാൻ വലിയ പാടാണ്. ആരുടെയെങ്കിലും സ്വാധീനവും പിൻബലവുമില്ലാതെ നിലനിൽക്കാനാകില്ല. കാരണം ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം പുരുഷന്മാരാണല്ലോ. അർഹതയുള്ളവർക്ക് വർഷങ്ങളായി പാർട്ടിയുടെ പ്രവർത്തന മേഖലകളിൽ സജീവമായി നിൽക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടോ. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം നോക്കിയാൽ തന്നെ മനസ്സിലാകും അത്. കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലയ്ക്ക് ഒരു വിശാല കാഴ്ചപ്പാട് വേണ്ടേ? ആ സ്ഥാനത്തിരിക്കുമ്പോൾ പാർട്ടിയെ ബലപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ തന്റെ താൽപര്യം മാത്രമാകരുതായിരുന്നു അജണ്ട. തനിക്കിഷ്ടമില്ലാത്ത ആളുകളെ കൊല്ലുകയും ഇഷ്ടമുള്ളവരെ വളർത്തുകയും ചെയ്യുന്ന ഒരാളാകരുത് ആ സ്ഥാനത്ത് ഇരിക്കേണ്ടത്.  

ഈ പാർട്ടിക്ക് ഇന്ന് വന്ന ക്ഷീണം പോലും രമേശ് ഉണ്ടാക്കിയതാണ്. എന്റെ കാര്യത്തിൽ മാത്രമല്ല. എത്ര നേതാക്കന്മാരെ തള്ളിക്കളഞ്ഞു. അത്രയും വേണമായിരുന്നോ? കുറെ കസേരകളിൽ ഒന്നിൽ ശോഭനാ ജോർജിരുന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് എന്താണ് സംഭവിക്കുക? എന്തോ ഒരു കുടിപ്പക. കെ.കരുണാകരനെ പോലെ ശക്തമായി വാദിക്കാൻ ഒരാളും ഇനി കോൺഗ്രസിനകത്തു വേണ്ട. അതാണ് ഞാൻ മനസ്സിലാക്കുന്നത്. 

മക്കളെ പോലും അവഗണിച്ചില്ലേ... മുരളീധരനെയും പത്മജയെയും. ഒരു സ്ത്രീയെന്ന നിലയിൽ പത്മജയ്ക്ക് എന്തായിരുന്നു അയോഗ്യത? ഒരു സ്ത്രീ എന്ന നിലയിൽ പരിഗണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്...? മറ്റ് പലരെയും രമേശ് പിന്തുണച്ചല്ലോ..? ശോഭനാ ജോർജിന്റെ പേരു പറഞ്ഞപ്പോൾ വളരെ ദേഷ്യത്തോടെയും അസംതൃപ്തിയോടെയുമാണ് രമേശ് ചെന്നിത്തല സംസാരിച്ചതെന്ന് പിന്നീട് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. വീട്ടുകാര്യമായാണോ രമേശ് ചെന്നിത്തല പാർട്ടിക്കാര്യത്തെ കാണുന്നത്. ചെന്നിത്തലയുടെ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കാൻ കുടുംബകാര്യമൊന്നുമല്ലല്ലോ ഇത്. അതെല്ലാം തെറ്റാണ്. ശോഭനാ ജോർജ് അസ്തമിച്ചു. അതിലെനിക്ക് പരാതിയില്ല. പക്ഷെ അതിനു കാരണക്കാരന്‍ രമേശാണ്– അവര്‍ പറഞ്ഞുനിര്‍ത്തി.  

MORE IN KERALA
SHOW MORE