തോമസ് ചാണ്ടി തന്നെ എൻസിപി സംസ്ഥാന അധ്യക്ഷനാകും

thomas-chandy-responce-t
SHARE

തര്‍ക്കങ്ങള്‍ക്കൊടുവില്‍ എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് ചാണ്ടി തന്നെ നിയമിതനാകും. അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നിര്‍ദേശിച്ചതായി തോമസ് ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി ചാണ്ടിയെ അധ്യക്ഷനാക്കുന്നതിനെതിരെ ശശീന്ദ്രന്‍ പക്ഷത്തിന് കടുത്ത വിയോജിപ്പാണുള്ളത്

പാര്‍ട്ടിയില്‍ എ.കെ.ശശീന്ദ്രന്‍ വിഭാഗത്തിനുള്ള ആധിപത്യത്തെ അവഗണിച്ചാണ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് തോമസ് ചാണ്ടിയെ ദേശീയനേതൃത്വം കൊണ്ടുവരുന്നത്. ദേശീയരാഷ്ട്രീയത്തില്‍ സ്വീകരിക്കാനിരിക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം കേരളത്തിലെ പാര്‍ട്ടി നിലകൊള്ളണമെങ്കില്‍ തോമസ് ചാണ്ടി തന്നെ വേണമെന്നാണ് വിലയിരുത്തല്‍. ടി.പി.പീതാബരന്റെ കൂടി പിന്തുണ തോമസ് ചാണ്ടിക്കുണ്ട്.  മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ പേരുകള്‍ സംസ്ഥാന അധ്യക്ഷനാകാന്‍ മാത്രം പോരെന്ന കണ്ടെത്തലും ശരത് പവാറിനുണ്ട്.  നോമിനേഷന് പകരം സംസ്ഥാനസമിതി വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന നിര്‍ദേശമാണ് ദേശീയനേതൃത്വം മുന്നോട്ടുവയ്ക്കുക. സമവായത്തിനായി സംസ്ഥാന ഭാരവാഹികളില്‍ ശശീന്ദ്രന്‍ പക്ഷത്തിന് കൂടുതല്‍പേരെ നല്‍കും. കുവൈറ്റില്‍ നിന്ന് 12ന് തിരിച്ചെത്തുന്ന തോമസ് ചാണ്ടി ദേശീയനേതാക്കളെ വീണ്ടും കാണും. പാര്‍ട്ടി പ്രസിഡന്റാകാന്‍ ശരത് പവാറും പ്രഫുല്‍ പട്ടേലും ആവശ്യപ്പെട്ടതായി തോമസ് ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ യാതോരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജനാധിപത്യം സംരക്ഷിക്കുന്ന നിലപാടേ പാര്‍ട്ടി ദേശീയനേതൃത്വം കൈക്കൊള്ളുവെന്നും മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. ഉഴവൂര്‍ വിജയന്റെ മരണശേഷമാണ് സംസ്ഥാനത്തെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അധ്യക്ഷപദവിക്കായി തര്‍ക്കം മുറുകിയത്. താഴെ തട്ടില്‍ സംഘടനാ തിര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ കലാപകൊടി ഉയര്‍ത്തിയതോടെ സംസ്ഥാന സമ്മേളനം വരെ മാറ്റിവച്ചിരുന്നു. 

MORE IN KERALA
SHOW MORE