കോരപ്പുഴയിലെ അടിയൊഴുക്കുകളിൽ ഭയന്ന് ഇവരുടെ സ്കൂൾ ജീവിതം

school-students
SHARE

തോണിയാത്ര പലപ്പോഴും ആശങ്കയുടെ അലകളാണ് സമ്മാനിക്കുന്നത്. ദിവസേന നൂറുകണക്കിന് സ്കൂള്‍ കുട്ടികളുള്‍പ്പെടെ പുഴ കടക്കുന്നത് കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് മാത്രമല്ല കരയിലുള്ള ആര്‍ക്കും പേടിയുടെ ആഴം കൂടും. വര്‍ഷങ്ങളുടെ ആവശ്യത്തിനൊടുവില്‍ കോഴിക്കോട് നടുത്തുരുത്തിക്കാര്‍ക്ക് അനുവദിച്ച പാലം നിര്‍മിക്കാനുള്ള തടസം ഒരു ഗ്രാമത്തിന്റെയാകെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

വിസ്മയയും നന്ദനയും പവിത്രയും പരീക്ഷയെഴുതാനുള്ള യാത്രയിലാണ്. നല്ല മാര്‍ക്ക് കിട്ടുമെന്ന് ഇവര്‍ക്കറിയാം. എങ്കിലും രാപകലില്ലാതെ ഇവരെ ആശങ്കപ്പെടുത്തുന്ന ഒന്നുണ്ട്. കോരപ്പുഴയുടെ അടിയൊഴുക്ക്. കൃത്യസമയത്ത് സ്കൂളിലെത്തണമെങ്കില്‍ ആടിയുലയുന്ന വഞ്ചിയില്‍ പതിവായി കോരപ്പുഴ കടക്കണം. അല്ലെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി എലത്തൂരിലെത്തണം. വെള്ളം കൂടി കോരപ്പുഴ കരകവിയരുതെന്നാണ് നടുത്തുരുത്തി ദ്വീപിലെ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. അത്രയെങ്കിലും ആശങ്ക കുറയുമല്ലോ എന്നതാണ് ചിന്ത.  

അത്തോളി തലക്കുളത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരപ്പുഴക്ക് കുറുകെ പാലമെന്ന വര്‍ഷങ്ങളുടെ ആവശ്യത്തിന് കഴിഞ്ഞ ബജറ്റില്‍ അനുമതിയായി. 20 കോടി അനുവദിച്ചു. പൊതുമരാമത്ത് പണി തുടങ്ങാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാല്‍ അവിചാരിതമായുണ്ടായ ചില തടസങ്ങള്‍ ഒരു ഗ്രാമത്തിനെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. പാലം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പലപ്പോഴും കാണുന്നത്. ഇവിടെ അനുവദിച്ച പാലം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് നാട്ടുകാരുയര്‍ത്തുന്നത്. 

MORE IN KERALA
SHOW MORE