ദേശീയപാതയിൽ ക്യാമറ കണ്ട് വേഗം കുറച്ചാലും കുടുങ്ങും

highway-camera
Representative Image
SHARE

ദേശീയപാതയിൽ അമിതവേഗത്തിൽ വാഹനം ഓടിക്കുകയും ക്യാമറയ്ക്ക് അരികിലെത്തുമ്പോൾ വേഗം കുറയ്ക്കുകയും ചെയ്യുന്ന വിദ്യ വാളയാർ–വടക്കഞ്ചേരി ഭാഗത്ത് ചെലവാകില്ല. വേഗം കുറച്ചാലും രണ്ടു ക്യാമറ പോയിന്റുകൾക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന സമയം ഉപയോഗിച്ച് വേഗം കണക്കാക്കി അതിവേഗത്തിനു പിഴയിടും. 

ഇവിടെ ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാകുന്നതോടെ, മണിക്കൂറിൽ 90 കിലോമീറ്ററാകും വേഗപരിധി. അപകടശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ എന്നിവ കണ്ടെത്താനും ക്യാമറകൾ സഹായിക്കും. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ക്യാമറയിൽ പതിയുന്നതോടെ, അന്വേഷണത്തിലുള്ള വാഹനമാണെങ്കിൽ ഇതു സംബന്ധിച്ച സന്ദേശം പൊലീസിനു നൽകാൻ സംവിധാനമുണ്ടാകും. പൊലീസ് അന്വേഷണത്തിലുള്ള നമ്പറുകൾ, കൺട്രോൾ റൂമിലെ സെർവറിൽ മുൻകൂട്ടി രേഖപ്പെടുത്തേണ്ടതുണ്ട്.  

ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റർ ഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. 37 ക്യാമറകളാണ് ഈ ദൂരത്തിൽ സ്ഥാപിക്കുകയെന്ന് ആർടിഒ ടി.സി. വിനീഷ് പറഞ്ഞു. ഏകദേശം രണ്ടു കിലോമീറ്റർ ഇടവിട്ടാണു സ്ഥാപിക്കുക. കെൽട്രോണിനാണു ഇതിനുള്ള ചുമതല. 45 ദിവസത്തിനകം നടപടികൾ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.  

MORE IN KERALA
SHOW MORE