ആര്‍.എസ്.എസിന് കേരളത്തില്‍ വളര്‍ച്ച കൂടിയെന്ന് അവകാശവാദം; തടസം സിപിഎമ്മെന്നും സംഘടന

RSS
SHARE

രാഷ്ട്രീയ സ്വയം സേവകസംഘത്തിന് കേരളത്തിൽ മുൻവർഷത്തേക്കാൾ 56 മണ്ഡലങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനായെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 3000 സ്ഥലങ്ങളിലായി 4,105 ശാഖകളും 2740 പ്രതിവാര പ്രവർത്തനങ്ങളുമടക്കം 6,845 സ്ഥലങ്ങളിലാണ് കേരളത്തിൽ ഇപ്പോൾ ആർഎസ്എസിന്റെ പ്രവർത്തനം. സേവന പ്രവർത്തന മേഖലയിൽ മികച്ച മുന്നേറ്റമാണ് കേരളത്തിലെ ആർഎസ്എസ് നടത്തിയിരിക്കുന്നത്. 2552 ഗ്രാമങ്ങളിൽ ഗ്രാമവികസന പ്രവർത്തനവും നടക്കുന്നു. കേരളത്തിൽ പ്രവർത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ 1503 മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ഇതിൽ 1426 മണ്ഡലങ്ങളിൽ പ്രവർത്തനം നടക്കുന്നു.

ജോയിൻ ആർഎസ്എസ് എന്ന ഓൺലൈനിലൂടെ കേരളത്തിലും കൂടുതൽ യുവാക്കൾ ആർഎസ്എസിൽ ചേരുന്നുണ്ട്. അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി കഴിഞ്ഞയാഴ്ച നാഗ്പൂരിൽ സമാപിച്ച പ്രതിനിധിസഭയിൽ ആസൂത്രണം ചെയ്തു. കേരളത്തിൽ സംഘത്തിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നത് സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയഗതികളെ വച്ചുപൊറുപ്പിക്കില്ലെന്ന സിപിഎം നിലപാടാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആർഎസ്എസ് ശാഖകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. മുൻവർഷം 57,185 ശാഖകൾ പ്രവർത്തിച്ച സ്ഥാനത്ത് ഇപ്പോൾ 58,962 ശാഖകൾ പ്രവർത്തിക്കുന്നു. അസമിന്റെ ഭാഗമായിരുന്ന ത്രിപുര പ്രവർത്തനവർധനവിന്റെ അടിസ്ഥാനത്തിൽ പുതിയ സംസ്ഥാനമായി നിലവിൽ വന്നു. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ സംഘചാലകായി ഡോ. ആർ. വന്നിയരാജനെ തിരഞ്ഞെടുത്തതായും 2025 വർഷത്തോടെ രാജ്യത്തെ 80% മണ്ഡലങ്ങളിലും ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ആർഎസ്എസ് പ്രാന്ത കാര്യവാഹ് അറിയിച്ചു. 

ഇന്ത്യയില്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ സാന്നിധ്യത്തെക്കാള്‍ സംഘടനയ്ക്ക് സ്വാധീനവയമുണ്ടെന്ന് കഴി‍ഞ്ഞാഴ്ച നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ അവകാശവാദമുയര്‍ന്നിരുന്നു.

MORE IN KERALA
SHOW MORE