മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന; സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യത

assembly
SHARE

മന്ത്രിമാരുടേയും എം.എല്‍.എ മാരുടേയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യത.  എം.എല്‍.എമാരുടെ മണ്ഡലം അലവന്‍സ് ഇരട്ടിയാക്കിയപ്പോള്‍ ടെലിഫോണ്‍ അനുകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരം രൂപയാക്കി കൂട്ടി.  സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ടുമുറുക്കി ഉടുക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ അധികബാധ്യത ഏറ്റെടുക്കുന്നത്.  

39,500 രൂപയില്‍ നിന്ന് എഴുപതിനായിരം രൂപയായാണ് എം.എല്‍.എമാരുടെ ശമ്പളം വര്‍ധിക്കുന്നത്. മാസം 12000 രൂപ മണ്ഡലം അലവന്‍സ് ലഭിച്ചിരുന്നിടത്ത് ഇനി 25000 രൂപ കിട്ടും. എങ്ങും പോയില്ലെങ്കിലും മിനിമം ഇരുപതിനായിരം രൂപ ബാറ്റ എഴുതിയെടുക്കാം. ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും  ഒാഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. എല്ലാം കൂടി കൂട്ടുമ്പോള്‍ നിലവില്‍ കിട്ടുന്നതിനേക്കാള്‍ 30500 രൂപ അധികം. 

118 പേര്‍ക്ക് മാസം 36 ലക്ഷം കണ്ടെത്തണം. വര്‍ഷം നാലരക്കോടി രൂപ. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ക്യാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 35000 രൂപ കൂടുതലായി കണ്ടെത്തണം. ഈയിനത്തിലും മാസം എട്ടുലക്ഷത്തോളം രൂപയുടെ അധികബാധ്യത. 

എം.എല്‍.എമാരുടെ പലിശരഹിത വാഹനവായ്പ അഞ്ചുലക്ഷത്തില്‍ നിന്ന് പത്തുലക്ഷമായും ഭവനവായ്പ പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയതും അടുത്തകാലത്താണ്. ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാന്‍ തീരുമാനിച്ചതോടെ അടുത്തമാസം മുതല്‍ ശമ്പളത്തിനായി കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും 

MORE IN BREAKING NEWS
SHOW MORE