ഓര്‍ക്കുക, തോല്‍ക്കുന്നത് കുട്ടികളല്ല; വിദ്യാഭ്യാസമാണ്..!

Engineering
SHARE

സാങ്കേതിക സര്‍വകലാശാലയുടെ ബിടെക്ക് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ആകെപരീക്ഷ പാസായത് 35 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. തോല്‍വികളുടെ പടുകുഴിയില്‍ പാര്‍ക്കുന്ന വിദ്യാഭ്യാസമേഖലയെക്കുറിച്ച്, അതിലേക്ക് നയിച്ച വഴികളെക്കുറിച്ച് ശ്രീദേവി പിള്ള എഴുതുന്നു

‘ഫിസിക്സിനോ, കെമിട്രിക്കോ ഡിഗ്രി കോഴ്സിന് പോകട്ടെ. ഐ.ഐ.ടിയിലൊന്നും അഡ്മിഷന്‍കിട്ടില്ല. ഈ നാട്ടിലെ എന്‍ജിനിയറിങ് കോളജില്‍ പഠിക്കാന്‍ വിടാന്‍താല്‍പര്യവുമില്ല.’ മിടുക്കിയായ ഒരു കുട്ടിയുടെ അമ്മ പറഞ്ഞ വാക്കുകളാണിത്. അമ്മ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് ഉയര്‍ന്ന റാങ്കോടെ ബിടെക്കും തൃശ്ശൂര്‍സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് എംടെക്കും നേടിയ പ്രൊഫഷണലാണ്.  ഏതായാലും സാധാരണക്കാരായ മാതാപിതാക്കളെക്കാള്‍ എന്‍ജിനിയറിങ്  വിദ്യാഭ്യാസത്തെ കുറിച്ച് അറിയാവുന്ന അവരുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് സാങ്കേതിക സര്‍വകലാശക്ക് കീഴിലെ  കോളജുകളിലെ ബിടെക്ക് പരീക്ഷാഫലം. 

അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ് ഒരു പഠനശാഖയുടെ താഴോട്ടുള്ള പോക്ക്. ഒരുപക്ഷെ കേരളത്തിലെ സാങ്കേതിക പഠന മേഖലക്ക് ഇതിലും താഴേക്ക് പോകാന്‍കഴിയില്ലെന്ന് തോന്നിപ്പിക്കും വിധമാണ് തോല്‍വിക്കണക്കുകള്‍. ആകെയുള്ള 148 കോളജുകളിലെയും കൂടി വിജയശതമാനം 35 മാത്രം. 70 ശതമാനത്തിന് മുകളില്‍വിജയം ഉറപ്പിക്കാനായത് വിരലിലെണ്ണാവുന്ന കോളജുകള്‍ക്ക് മാത്രം. തിരുവനന്തപുരം, എറാണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ കോളജുകളും എറണാകുളത്തെ രണ്ട് സ്വകാര്യകോളജുകളും അല്‍പ്പമെങ്കിലും മെച്ചമായ വിജയശതമാനം നേടിയെടുത്തു. പ്രവേശന പരീക്ഷയിലെ ആദ്യനാനൂറ് റാങ്കില്‍പെടുന്നവര്‍ചേരുന്ന കോളജാണ് സി.ഇ.ടി എന്ന തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ്, ഇവിടെപോലും വിജയശതമാനം 72 മാത്രമാണ്. ബാക്കികോളജുകളുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. നമ്മുടെ എന്‍ജിനീയറിങ് പഠന മേഖലയ്ക്ക് എന്തോ സാരമായ തകരാറുണ്ടെന്ന് വ്യക്തം. 

ഏതാനും സര്‍ക്കാര്‍ കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലുമായി ഒതുങ്ങുന്നതായിരുന്നു കേരളത്തിലെ എന്‍ജിനീയറിങ് പഠനം. കുറച്ചു സീറ്റുകളും കുറച്ച് കോളജുകളും. പക്ഷെ പഠന നിലവാരം മെച്ചമായിരുന്നു. തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും സര്‍ക്കാര്‍കോളജുകള്‍ ഐ.ഐ.ടികള്‍ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം നേടിയെടുത്ത കാലവുമുണ്ടായിരുന്നു. ഇതെല്ലാം സ്വാശ്രയ പെരുമഴയില്‍ ഒലിച്ചുപോയി എന്നാണ് ഒരധ്യാപകന്‍പറഞ്ഞത്. കൂണുപോലെ സ്വാശ്രയ കോളജുകള്‍ പൊട്ടിമുളച്ചു. സര്‍ക്കാര്‍നിയന്ത്രിത സ്വാശ്രയവും കൂടിയായപ്പോള്‍ എല്ലാം ശുഭം. കണക്കുപരീക്ഷക്ക് ജയിക്കാത്തവരും എന്‍ജിനീയറിങ് പഠനം നടത്തുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. 

ബിടെക്കിന് കൂട്ടത്തോല്‍വി; ആരും ജയിക്കാതെ രണ്ട് കോളജുകള്‍

technological-university

സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുക, 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ പ്രവേശനം, ബാക്കി 50ല്‍ മാനേജ്മെന്റുകളുടെ നേരിട്ടുള്ള പ്രവേശനം. പ്രവേശന പരീക്ഷ പാസാകാത്തവരും കോളജില്‍ചേരുക, വലിയ തലവരിപ്പണം, ഇങ്ങനെ സ്വാശ്രയ മാനേജ്മെന്റുകളുടെ പല ലീലാവിലാസങ്ങളും അനുസ്യൂതം തുടര്‍ന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍  കരാറുകള്‍ ഒപ്പിട്ടു കൂട്ടി, ഒപ്പം പഠന നിലവാരവും താഴേക്ക് പോയി. യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്, കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്ന ധാര്‍ഷ്ട്യം... ഇങ്ങനെ സ്വാശ്രയക്കാരുടെ തന്നിഷ്ടം മുറപോലെ നടന്നു. 

ഇതിന് കുട പിടിക്കുന്നതിനാണോ എന്ന് തോന്നുംവിധമാണ് സാങ്കേതിക സര്‍വകലാശാല എന്ന പുതിയ സംവിധാനം നിലവില്‍വന്നത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, പുതിയ സര്‍വകലാശാല കുഴപ്പങ്ങളെ അഴിയാക്കുരുക്കുകൂടിയാക്കി. ഇത്രയും വ്യവസ്ഥയില്ലാത്ത പ്രവര്‍ത്തനം ഒരു സര്‍വകലാശാലക്കാവുമോ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കെ.ടി.യുവിന്റെ ചെയ്തികള്‍. ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് ഈ സര്‍വകലാശാലയ്ക്ക് നല്‍കുക വഴി അദ്ദേഹത്തോടുള്ള ബഹുമാനമല്ല പ്രകടിപ്പിക്കപ്പെട്ടതെന്ന് വ്യക്തം. കോളജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാനോ, നന്നായി പരീക്ഷ നടത്താനോ, സമയത്ത് ഫലം പ്രഖ്യാപിക്കാനോ സാങ്കേതിക സര്‍വകലാശാലക്ക് കഴിഞ്ഞില്ല. ‘സിലബസ് ഉണ്ടാക്കുന്നതില്‍ തുടങ്ങി ഒന്നിനെക്കുറിച്ചും അധ്യാപകരും വിദഗ്ധരുമായി സാങ്കേതിക സര്‍വകലാശാല ചര്‍ച്ച നടത്തുന്നില്ല. പരീക്ഷാ സംവിധാനമാകട്ടെ ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്. ചോദ്യം തയ്യാറാക്കല്‍, മൂല്യനിര്‍ണ്ണയം, മോഡറേഷന്‍ ഇവ സംബന്ധിച്ച് യാതൊരു നിയമാവലിയും നിലവിലില്ല. അക്കാദമിക സമിതികളുമില്ല. ഇങ്ങനെ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതാണ്, എന്‍ജിനീയറിങ് വിദ്യാഭ്യാസത്തെ നാഥനില്ലാ കളരിയാക്കിയത്.’ അധ്യാപകനായ ഡോ.പി.എന്‍.ദിലീപ് പറയുന്നു. 

മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനവും വേണ്ടരീതിയിലല്ലെന്ന പരാതി അധ്യാപകര്‍ക്കുണ്ട്. ‘ഒാരോക്യാമ്പിലും ഒരു ചീഫ്, രണ്ട് സഹായികള് എന്ന അടിസ്ഥാന ഘടനപോലും ഇല്ല. ചോദ്യപേപ്പര്‍ മറ്റ് സര്‍വകലാശാലകളില്‍ തയ്യാറാക്കണം. അതും ചെയ്യുന്നില്ല. പരീക്ഷ നടത്തിപ്പ് അടിമുടി മാറിയേ മതിയാകൂ. ഇതിനും പുറമെയാണ് അശാസ്ത്രീയമായ മോഡറേഷന്‍ സംവിധാനം.’ ഡോ.കെ.ആര്‍.കിരണ്‍ അഭിപ്രായപ്പെടുന്നു. 

എന്‍ജിനീയറിങ് കോളജുകളുടെയും സീറ്റുകളുടെയും എണ്ണം കൂടിയപ്പോള്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിയും അധ്യാപകനും രംഗം കീഴടക്കിയതും വിദ്യാഭ്യാസ നിലവാരം താഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഡിമാന്റിനെക്കാളും സപ്്ളൈ എന്ന നിലയിലെത്തിയപ്പോള്‍ പലകോളജിലും ചേരാനാളില്ലാതെയും ആയി. മാത്രമല്ല മക്കളുടെ ഭാവിയെകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള മാതാപിതാക്കള്‍ കുട്ടികളെ എന്‍ജിനീയറിങ് പഠനത്തിന് വിടാതെയുമായി. മോശം കോളജില്‍, നിലവാരമില്ലാത്ത സിലബസ് പഠിച്ച്, വ്യവസ്ഥയില്ലാത്ത പരീക്ഷാ സമ്പ്രദായത്തിലൂടെ പോയി, ഇയര്‍ഒൗട്ടും തോല്‍വിയും നേരിട്ട് ഒന്നിനും കൊ‌ള്ളാത്തവരായി മക്കളെ മാറ്റാന്‍ ഏത് രക്ഷിതാക്കളാണ് ആഗ്രഹിക്കുക? 

ആകെ വിജയശതമാനം 35 ശതമാനം മാത്രമാണെന്നത് എന്‍ജിനീയറിങ് പഠനത്തിന്റെയും പരീക്ഷ നടത്തിപ്പിന്റെയും സ്ഥിതി പകല്‍പോലെ വ്യക്തമാക്കുന്നു. 36 കോളജുകളില്‍ 20 ശതമാനത്തില്‍താഴെ കുട്ടികളെ ജയിച്ചുള്ളൂ. 22 കോളജുകളിലാകട്ടെ വിജയം 10 ശതമാനത്തില്‍താഴെയും. ചില ബ്രാഞ്ചുകളില്‍‌ കൂട്ടതോല്‍വിയാണ്. ആരും ജയിക്കാത്ത രണ്ട് കോളജുകളുണ്ട്. നാലെണ്ണത്തില്‍ ഒാരോവിദ്യാര്‍ഥിമാത്രമാണ് പരീക്ഷാകടമ്പ കടന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുന്നത് ഒട്ടും സന്തോഷത്തോടെയല്ല. ഇനിയെങ്കിലും സര്‍ക്കാരും സര്‍വകലാശാലയും അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും എന്‍ജിനിയറിങ് വിദ്യാഭ്യാസമെന്ന ദുരന്തത്തെ കണ്ടില്ലെന്ന് നടിക്കരുത്. തിരുത്തലുകള്‍ വരേണ്ടത് അതാത് മേഖലകളില്‍നിന്നാണ്. ഒരുകാലത്ത് കേരളത്തിലെ എന്‍ജിനീയറിങ് ബിരുദങ്ങള്‍ക്കുണ്ടായിരുന്ന മികവ് തിരിച്ച് പിടിക്കണം. പഠനവും പരീക്ഷയും കോളജ് നടത്തിപ്പും നേര്‍വഴിയിലാക്കണം. കുട്ടികളെ പരാജയത്തിന്റെ  പടുകുഴിയില്‍നിന്ന് കരകയറ്റുകയും വേണം. അല്ലെങ്കില്‍  തോല്‍ക്കുക വിദ്യാഭ്യാസരംഗം ആകെത്തന്നെയാവും. 

MORE IN KERALA
SHOW MORE