കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘകാല വായ്പ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്തും

ksrtc
SHARE

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘകാല വായ്പ സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 750 കോടി രൂപ വായ്പ നല്‍കാമെന്ന് സമ്മതിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനിരയായതും ദീര്‍ഘകാല വായ്പകള്‍ മരവിപ്പിച്ചതുമാണ് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയായത്. ഈ തുക മറ്റ് ബാങ്കുകളില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.  

കടക്കെണിയില്‍ നിന്ന് കരകയറാന്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലുള്ള അവസാന മാര്‍ഗമാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള 3300 കോടിയുടെ വായ്പ. ഇതില്‍ 750 കോടി പ‍ഞ്ചാബ് നാഷണല്‍ ബാങ്കാണ് നല്‍കാമെന്നേറ്റത്. എന്നാല്‍ തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട ബാങ്ക് ദീര്‍ഘകാല വായ്പകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ പകരം ബാങ്കുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആന്ധ്ര,ദേന ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന യോഗത്തില്‍ പഞ്ചാബ് ബാങ്കിന്റ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വായ്പ നല്‍കാമെന്ന് പറയുന്നുണ്ടെങ്കിലും പുതിയ ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. തിരിച്ചടവ് തുക 49 ഡിപ്പോകളില്‍ നിന്ന് ശേഖരിക്കാനും ഒാരോ ബാങ്കിനും അനുപാതികമായി അത് നല്‍കാനുമുള്ള ചുമതല എസ്.ബി.െഎയ്ക്ക് പകരം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഫെബ്രുവരിയില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച വായ്പ അനന്തമായി നീളുന്നത് കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും. 

MORE IN KERALA
SHOW MORE