കർമം കൊണ്ട് മലയാളിയായ ഒരു ബംഗാളി

ഒരു ബംഗാളി കര്‍മംകൊണ്ട് മലയാളിയായിത്തീര്‍ന്ന കഥയാണ് പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിന് പറയാനുള്ളത്. നാട്ടുകാരുടെ ബംഗാളി ഷാജിയുടെ വിശേഷങ്ങളാണ് ഈ മാതൃഭാഷാ ദിനത്തില്‍ ഇനി.

മലയാളിയോ തൊഴിലാളിയോ അല്ല; മലയാളിയായി മാറിയ ബംഗാളി മുതലാളി. അതാണ് നാട്ടുകാര്‍ ബംഗാളി ഷാജിയെന്ന് വിളിക്കുന്ന മക്സേദുല്‍. നന്നായി മലയാളം സംസാരിക്കുന്ന, കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ജംക്‌ഷനില്‍ വൈറ്റ് ഹൗസ് സില്‍ക്സ് എന്ന സ്ഥാപനം നടത്തുന്ന ബംഗാളി ഭായ്. രണ്ടര പതിറ്റാണ്ട് മുന്‍പ് കേരളത്തില്‍ ജോലിക്കെത്തിയ ഇദ്ദേഹത്തിന്‍റെ പേരില്‍ നാക്കുളുക്കി തുടങ്ങിയതോടെ എന്‍ജിനീയര്‍മാര്‍ പേര് മാറ്റി ഷാജിയെന്നാക്കി. മലയാളം പറയാനും വായിക്കാനും പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഇദ്ദേഹം പറയുന്നു.

കേരളവുമായി ഏറെ ഇഴുകിച്ചേര്‍ന്നെങ്കിലും മാതൃഭാഷ മറക്കാവില്ലെന്നും മക്സേദുല്‍ എന്ന ഷാജി പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ചങ്ങാതിക്കൂട്ടത്തിന്‍റെ പഞ്ചായത്തുതല കോര്‍ഡിനേറ്ററുമാണ് ഷാജി. ജീവിതവും കുട്ടികളുടെ പഠനവുമെല്ലാം സുഗമമായി പുരോഗമിക്കുന്ന ഇവിടെനിന്ന് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് ഷാജി ഉറപ്പിച്ചു പറയുന്നു.