വാഹങ്ങളില്‍ അഗ്നിസുരക്ഷാ ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല

ഒാടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് നിത്യസംഭവമാകുമ്പോഴും വാഹങ്ങളില്‍ അഗ്നിസുരക്ഷാ ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. പിടിക്കപ്പെടുന്നവര്‍ നിസാരമായ പിഴ നല്‍കി രക്ഷപെടുകയാണ്. നിയമം കര്‍ശനമാക്കേണ്ട മോട്ടോര്‍ വാഹന വകുപ്പിനും ഇക്കാര്യത്തില്‍ താല്‍പര്യമില്ല.

ഇരുചക്ര വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങള്‍ക്കും അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമാണ്. ചെറിയ വാഹനങ്ങളില്‍ രണ്ടു കിലോയുടെയും, ഇടത്തരം വാഹനങ്ങളിലും, ബസുകളിലുമെല്ലാം അഞ്ചു കിലോയുടെ ഉപകരണങ്ങള്‍ മുന്‍പിലും -പിന്നിലും സ്ഥാപിച്ചിരിക്കണം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഉത്തരവാദിത്തപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഇതില്‍ കാര്യമായ നടപടികളും സ്വീകരിക്കുന്നില്ല. പിടിക്കപ്പെട്ടാല്‍ വെറും നൂറ് രുപ പിഴയടച്ച് തടിയൂരാമെന്നതുതാണ് നിയമം കടലാസിലൊതുങ്ങുന്നതിന്റെ പ്രധാന കാരണം.

സ്കൂള്‍ ബസുകളും കെ.എസ്.ആര്‍ടി.സി ബസുകളുമെല്ലാം സൗകര്യപൂര്‍വം സുരക്ഷാ മാനദ്ണ്ഡങ്ങള്‍ മറക്കുന്നു. അഗ്നിശമന ഉപകരണങ്ങള്‍ പേരിനു മാത്രം സ്ഥാപിച്ച് വാഹനം ടെസ്റ്റ് ചെയ്യുകയാണ് പതിവ്. റീ ടെസ്റ്റ് കഴിഞ്ഞാല്‍ ഉപകരണമെടുത്തു മാറ്റുകയും ചെയ്യും. 250 മുതല്‍ 1000 രൂപവരെയാണ് ഉപകരണങ്ങളുടെ വില.