കരുത്തുറ്റ കറയറ്റ ജനകീയ പ്രതിച്ഛായക്ക് വിട

നാലര പതിറ്റാണ്ടുനീണ്ട രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുമ്പോഴാണ് കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണം. വിദ്യാര്‍ഥിരാഷ്ട്രീയം മുതല്‍ നിയമസഭ വരെയുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ എന്നും കരുത്തായത് കറയറ്റ ജനകീയപ്രതിച്ഛായ തന്നെയായിരുന്നു. 

വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രിയത്തില്‍ ചുവടുവച്ചതുമുതല്‍ അടിയുറച്ച കമ്യൂണിസ്റ്റ്. അത്തരമൊരാളെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്ക് വിമര്‍ശിക്കാന്‍ പലതുമുണ്ടാകും. എന്നാല്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍ വിടപറയുമ്പോള്‍ എതിരാളികളുടെ വാക്കുകളാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് തെളിമയേറ്റുന്നത്. 

ചെങ്ങന്നൂര്‍ ആലായില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകന്‍ കെ.കെ.രാമചന്ദ്രന്‍ പന്തളം എന്‍എസ്എസ് കോളജില്‍ വച്ചാണ് എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയത്. പഠനം തിരുവനന്തപുരം ലോ കോളജിലെത്തിയപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ. പിന്നെ അതിനെതിരായ പോരാട്ടം. അടിയന്തരാവസ്ഥ കഴിഞ്ഞ് ചെങ്ങന്നൂര്‍ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. അപ്പോഴേക്കും പാര്‍ട്ടിയില്‍ പലപടവുകള്‍ താണ്ടി ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റി അംഗമായി. 2001 ല്‍ സിപിഎം ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ശോഭനാ ജോര്‍ജിനോട് അപ്രതീക്ഷിതതോല്‍വി നേരിട്ടു. 15 വര്‍ഷത്തിനുശേഷം പി.സി.വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ അരങ്ങേറ്റം. പരിചയസമ്പന്നരെപ്പോലും അതിശയിപ്പിക്കുംവിധമായിരുന്നു സഭയിലെ പ്രവര്‍ത്തനം. 

കെ.കെ.ആര്‍. പിന്തുടര്‍ന്ന പൊതുപ്രവര്‍ത്തനത്തിന്റെ സവിശേഷത അതില്‍ വോട്ടും രാഷ്ട്രീയവും മാത്രമല്ല, പ്രകൃതിയും പരിസ്ഥിതിയും കലയും സാഹിത്യവും എല്ലാം ഉള്‍പ്പെട്ടിരുന്നു എന്നതാണ്. 

നിയമസഭയില്‍ ചുരുങ്ങിയ കാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും എക്കാലവും ഓര്‍ക്കാന്‍ തക്ക സംഭാവനകള്‍ ബാക്കിവച്ചാണ് രാമചന്ദ്രന്‍ നായര്‍ വിടപറഞ്ഞത്.