ഹെലികോപ്റ്റര്‍ യാത്രാ വിവാദം: റവന്യൂമന്ത്രിയും സെക്രട്ടറിയും ഏറ്റുമുട്ടി

മുഖ്യമന്ത്രിയുടെ ആകാശയാത്രാവിവാദത്തില്‍ ക്ഷുഭിതനായി റവന്യൂസെക്രട്ടറി പി.എച്ച്.കുര്യന്‍. ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം ചോദിച്ചതായി അറിയില്ല. വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. മുഖ്യമന്ത്രി അറിഞ്ഞാണോ തുക അനുവദിച്ചത് എന്നചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.‌ കുര്യനോട് വിശദീകരണം ചോദിച്ചെന്ന മാധ്യമവാര്‍ത്തകളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

പണം വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം കള്ളം

ആകാശയാത്രാവിവാദത്തില്‍ സര്‍ക്കാരിന് കുരുക്ക് മുറുകുന്നു. പണം വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നതിന്‍റെ തെവിവുകള്‍ പുറത്തുവന്നു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. റവന്യൂമന്ത്രിയുടെ ഓഫീസിനും പകര്‍പ്പ് നല്‍കിയതായി ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ സാഹചര്യത്തെക്കുറിച്ച് റവന്യൂസെക്രട്ടറിയോട് വിശദീകരണം തേടാനാണ് പുതിയ തീരുമാനം. യാത്രയ്ക്ക് ദുരിതാശ്വാസഫണ്ട് അനുവദിച്ചത് റവന്യൂമന്ത്രി അറിയാതെയാണ്. പി.എച്ച്.കുര്യനെതിരെ നടപടിവേണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെടും. 

വിവാദം കനത്തതോടെ സിപിഎം പ്രതിരോധവും ശക്തമാക്കി. റവന്യൂമന്ത്രിയും ഓഫീസും അറിഞ്ഞില്ലെന്ന നിലപാട് ശരിയെന്ന് ആനത്തലവട്ടം ആനന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

വിവാദ ഉത്തരവ് പിന്‍വലിച്ചെങ്കിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പൊലീസ് ഒഴിഞ്ഞുമാറിയത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദുരിതാശ്വാസനിധിയില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടക നല്‍കാനുള്ള നീക്കം റദ്ദാക്കിയ സാഹചര്യത്തില്‍ ആര് പണം നല്‍കുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ എടുത്തത് പൊലീസ് അല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

ഹെലിക്കോപ്റ്റര്‍യാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിന് കടുത്ത അതൃപ്തി ആണുള്ളത്. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ചയാവാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും നിലപാട്.

ഡിസംബര്‍ 26ന് തൃശ്ശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നും മന്ത്രി വിലയിരുത്തുന്നു. 

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ഫണ്ടില്‍ നിന്ന് ആകാശയാത്രക്ക് പണമെടുത്തെന്ന പ്രതീതിയുണ്ടായത് സര്‍ക്കാരിന് നാണക്കേടായെന്നും റവന്യൂവകുപ്പ് വിലയിരുത്തുന്നു. അതിനാല്‍ പരിശോധിച്ച ശേഷം വീഴ്ചയെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും നിലപാട്. ഉത്തരവില്‍ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നും വിശദീകരിക്കുന്നു. മുഖ്യമന്ത്രി ഹെലികോപ്ടറില്‍ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഖത്തെ കാണാനായതിനാലാണ് ദുരന്തനിവാരണ ഫണ്ടുപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.