ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: റവന്യൂവകുപ്പിന് അതൃപ്തി

e-chandrasekharan
SHARE

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍യാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിന് അതൃപ്തി. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ചയാവാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും നിലപാട്. 

ഡിസംബര്‍ 26ന് തൃശ്ശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നും മന്ത്രി വിലയിരുത്തുന്നു. 

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ഫണ്ടില്‍ നിന്ന് ആകാശയാത്രക്ക് പണമെടുത്തെന്ന പ്രതീതിയുണ്ടായത് സര്‍ക്കാരിന് നാണക്കേടായെന്നും റവന്യൂവകുപ്പ് വിലയിരുത്തുന്നു. അതിനാല്‍ പരിശോധിച്ച ശേഷം വീഴ്ചയെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും നിലപാട്. ഉത്തരവില്‍ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നും വിശദീകരിക്കുന്നു. മുഖ്യമന്ത്രി ഹെലികോപ്ടറില്‍ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഖത്തെ കാണാനായതിനാലാണ് ദുരന്തനിവാരണ ഫണ്ടുപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം. 

MORE IN KERALA
SHOW MORE