തോമസ് ചാണ്ടിയെ കൈവിട്ട് സർക്കാരും; രേഖകൾ ഹൈക്കോടതിക്ക് കൈമാറി

Thumb Image
SHARE

മുൻമന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഉപഗ്രഹചിത്രങ്ങടക്കമുള്ള വിശദാംശങ്ങൾ നൽകാൻ ജില്ലാ കലക്ടറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ലേക്ക് പാലസ് റിസോർട്ട് അധികൃതർ സമർപ്പിച്ച ഹർജിയിലാണ് തോമസ്ചാണ്ടിക്കെതിരെ സർക്കാർ നിലപാടെടുത്തത്. പത്തുദിവസത്തിനകം തോമസ്ചാണ്ടി തടസവാദം നൽകണമെന്നും 15 ന് ജില്ലാകലക്ടർ മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

 നിലം നികത്തൽ ആരോപണം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കും മുമ്പ് ഉപഗ്രഹചിത്രമടക്കമുള്ള  വിശദാംശങ്ങൾ നൽകാൻ ആലപ്പുഴ ജില്ലാ കലക്ടറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ലേക്ക് പാലസ് റിസോർട്ട് അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. അതുവരെ കലക്ടറുടെ നോട്ടീസിലെ തുടർനടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തോമസ്ചാണ്ടി ഡയറക്ടായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.  ഈ ഹർജികളിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുൻ മന്ത്രി തോമസ്ചാണ്ടിയെ സർക്കാർ കൈവിട്ടത്. തോമസ് ചാണ്ടി നെൽവയൽ നികത്തിയെന്ന് സമ്മതിച്ച് സർക്കാർ സത്യവാങ് മൂലം നൽകി. ഉപഗ്രഹചിത്രങ്ങളടക്കമുള്ള റിപ്പോർട്ടിൽ ഭൂമി നികത്തിയെന്നത് വ്യക്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

എന്നാൽ 2008 ലെ നെൽവയൽ നികത്തിൽ നിയമം നടപ്പിലാക്കുന്നതിന് മുമ്പാണോ ശേഷമാണോ ഭൂമി നികത്തിയത് എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് തോമസ്ചാണ്ടി കോടതിയിൽ ആവശ്യപ്പെട്ടു. മാത്രമല്ല ജില്ലാകലക്ടർ നേരിട്ട് സ്ഥലപരിശോധന നടത്താതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും വാദിച്ചു. എന്നാൽ ഇക്കാര്യങ്ങളിൽ ജില്ലാകലക്ടറാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഉപഗ്രഹചിത്രങ്ങളടക്കമുള്ള റിപ്പോർട്ട് തോമസ്ചാണ്ടിക്ക് കൈമാറി. ഇതിൽ തടസവാദമുണ്ടെങ്കിൽ  പത്തുദിവസത്തിനകം  നൽകണമെന്നാണ് കോടതി നിർദേശം. ഈ മാസം 15 ന് ജില്ലാകലക്ടറുടെ മുന്നിൽ നേരിട്ട ഹാജരായി വാദങ്ങളുന്നയിക്കാം. 

മറ്റെന്തെങ്കിലും റിപ്പോർട്ട് കൂടി  ആസ്പദമാക്കിയാണ് കലക്ടർ തീരുമാനമെടുക്കുന്നതെങ്കിൽ അതിൻറെ പകർപ്പും തോമസ് ചാണ്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

MORE IN KERALA
SHOW MORE