അവഗണനയിൽ എട്ട് ജലവൈദ്യുതപദ്ധതികൾ

Thumb Image
SHARE

വന്‍കിട പദ്ധതിയ്ക്കായി മുറവിളികൂട്ടുന്ന വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയെത്താതെ 180 മെഗാവാട്ട് ശേഷിയുള്ള എട്ട് ചെറുകിട ജലവൈദ്യുതപദ്ധതികള്‍. ആറായിരത്തിലധികം കോടി മുടക്കിയിട്ടും ഇരുപത് വര്‍ഷത്തിനിടെ ഇവയില്‍ ഒരെണ്ണം പോലും കമ്മിഷന്‍ ചെയ്യാനായില്ല. മൂന്ന് പദ്ധതി നിലച്ചതിനൊപ്പം നാലെണ്ണത്തിന് നിലവില്‍ കരാറുകാരുമില്ല. പ്രതിഷേധങ്ങള്‍ക്കിടയിലും അതിരപ്പിള്ളി നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ന്നതിന്റെ കണക്കെടുക്കാനും തയാറായിട്ടില്ല. 

സംസ്ഥാനത്തിന്റെ വൈദ്യുതിപ്രതിസന്ധിയ്ക്ക് അതിരപ്പിള്ളി പദ്ധതി അനിവാര്യമെന്നാണ് മന്ത്രി പറഞ്ഞത്. 120 നും 163 നുമിടയില്‍ മെഗാവാട്ട് കിട്ടുമെന്നാണ് വാദം. പരിസ്ഥിതിയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐയും പരിസ്ഥിതി സംഘടനകളും. അപ്പോഴും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാത്തതോ അല്ലെങ്കില്‍ അറിഞ്ഞിട്ടും നടപടിയെടുക്കാത്തതോ ആയ 180 മെഗാവാട്ട് ശേഷിയുള്ള എട്ട് പദ്ധതികളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. ആറായിരത്തിലധികം കോടി മുടക്കിയ പദ്ധതികള്‍ ഖജനാവ് ചോര്‍ത്തിയതല്ലാതെ ഒന്നുമുണ്ടായില്ല. പദ്ധതിയ്ക്കായി സ്ഥാപിച്ച കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു.

ചെറുപദ്ധതികള്‍ പോലും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വൈദ്യുതിവകുപ്പിന് അതിരപ്പിള്ളി എങ്ങനെ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കഴിയുമെന്നതാണ് സംശയം. പദ്ധതി നടപ്പാക്കാന്‍ കണ്ടെത്തിയ ചാലക്കുടിപ്പുഴയിലെ ജലത്തെ ആശ്രയിച്ച് പന്ത്രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. അതിരപ്പിള്ളി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതിലഭ്യത കൂട്ടാനാകുമെങ്കിലും കുടിവെള്ള പദ്ധതിയില്‍ പലതിന്റെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. 

പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഉദ്ഘാടനത്തിന് പിന്നാലെ വിസ്മരിക്കുകയും ചെയ്യുന്നതിന് ന്യായീകരണമില്ല. ഉദ്യോഗസ്ഥ അലംഭാവത്തിന് മന്ത്രിമാരും ജനപ്രതിനിധികളും കൂട്ടുണ്ടോ എന്ന സംശയമാണുയരുന്നത്. 

MORE IN KERALA
SHOW MORE