ബുള്ളറ്റ് പ്രൂഫ് വിവാദം, ട്രോളിയവരോട് മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്

ദുരന്തമേഖലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞെന്ന വാർത്ത ട്രോളൻമാർക്ക് ആഘോഷമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നത്. പിന്നെ പറയണ്ടല്ലോ. പഴയ ബ്രണ്ണൻ കോളജ് പ്രസ്താവനയും ചേർത്ത് സമൂഹമാധ്യമങ്ങൾ ആഘോഷം തുടങ്ങി. എന്നാൽ ട്രോൾ തുടങ്ങിയ തൊട്ടടുത്ത ദിവസംതന്നെ മുഖ്യമന്ത്രി വിശദീകരണവുമായെത്തി. സ്വന്തം നാട്ടിലെ സിപിഎം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പ്രസംഗം. പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇതാണ്.

"ഇപ്പോ ഈ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വേറൊരു കാര്യം തുടങ്ങിയതായിട്ട് കാണാൻ നമുക്ക് കഴിയും. നമ്മുടെ കേരളം സന്ദർശിക്കുന്ന വിഐപിമാർക്ക് വലിയ സെക്യൂരിറ്റി നൽകേണ്ടതായിട്ടുണ്ട്. ആ സെക്യൂരിറ്റി നൽകുന്നതിന് ആധുനിക സജീകരണങ്ങളുള്ള കാറുകൾ വരും. വളരെ കാലമായി നിൽക്കുന്ന രണ്ട് കാറുകൾ നമുക്കുണ്ട്. ബോംബ് സ്ഫോടനത്തെയടക്കം അതിജീവിക്കാൻ ശേഷിയുള്ള കാറുകൾ. അത് കുറച്ച് പഴക്കമായെന്ന നിലവെച്ച് ചില വിഐപിമാർ തന്നെ പുതിയത് വേണമല്ലോയെന്ന് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. കേരള പൊലീസ് അതിന്റെ ഭാഗമായി, സാധാരണ നടപടിക്രമം അനുസരിച്ച്... അത് സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ട് മാത്രം വരുന്ന കാര്യമല്ല. കാരണം രാജ്യത്തുള്ള വിവിഐപിയടക്കമുള്ളവർ ഇങ്ങോട്ട് വരുമ്പോൾ കൊടുക്കേണ്ട സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമാണ്. രണ്ട് കാറുകൾ വാങ്ങാൻ തീരുമാനിച്ചു. അത് മുഖ്യമന്ത്രിക്കുളള രണ്ട് കാറാണ് എന്ന് പറഞ്ഞിട്ട് ഒരു കൂട്ടർ വാർത്ത കൊടുത്തതായിട്ട് കാണാൻ പറ്റി. അവരോട് എനക്ക് ഒന്നേ പറയാനുള്ളു ഈ സ്ഥാനത്ത് എത്തുന്നതിനും മുൻപും സുരക്ഷാ ഭീഷണി നേരിടേണ്ടി വന്ന ഒരാളാണ് ഞാൻ. അന്നേരമൊക്കെ ഇതുപോലുള്ള വാഹനത്തിൽ സഞ്ചരിച്ചല്ല നാട്ടിൽ യാത്ര ചെയ്തിട്ടുള്ളത്.

അത് എനിക്ക് വേണ്ടി തയാറാക്കുന്ന കാറുകളല്ല. അത് പൊലീസാണ് തീരുമാനിക്കുന്നത്. ഒരു വലിയ അപകട സാധ്യതയുള്ള ഒരു സ്ഥലത്തുകൂടെ നമ്മുടെ എതെങ്കിലും വിവിഐപി സഞ്ചരിക്കുന്നുവെങ്കിൽ ബോംബാക്രമണ സാധ്യതയുണ്ട്, സാധാരണ കാറിൽ പോകാൻ പാടില്ല, എന്ന് പറഞ്ഞ് ഈ കാറ് കൊടുക്കും ആ വഴിക്ക് യാത്ര ചെയ്യാൻ.

നമ്മുടെ രാജ്യം നന്ദർശിക്കുന്ന പ്രസിഡന്റ്, പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ് അങ്ങനെ വിവിഐപികളുണ്ട്. അവർക്കെല്ലാം ഇത്തരം കാറുകളാണ് കൊടുക്കേണ്ടത്. ചിലര് ഈ കാർ മതിയായ കാർ അല്ലാ എന്നതുകൊണ്ട് ഇതിനായിട്ട് പ്രത്യേക കാർ കൊണ്ടുവന്നെന്ന് വരും. ഒരു സാധാരണ നടപടിക്രമത്തെ ഇത്രമാത്രം വളച്ചൊടിക്കാൻ....വക്രീകരിക്കാനാണ് ശ്രമിക്കുന്നുതെന്നാണ് ഇതിലൂടെ കാണുന്നത്.