മഹത്തായ കൃതികളാൽ സ്‌മാരകശിലകൾ സ്‌ഥാപിച്ച സാഹിത്യകാരൻ

Thumb Image
SHARE

മലയാള സാഹിത്യമണ്ഡലത്തിൽ മഹത്തായ കൃതികൾ കൊണ്ടു സ്‌മാരകശിലകൾ സ്‌ഥാപിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. സത്യവും സ്വപ്‌നവും സമന്വയിപ്പിച്ചു വായനക്കാരനെ തന്റെ വഴിക്കു നടത്തിക്കൊണ്ടു പോയ പുനത്തിലിന്റെ വിടവാങ്ങലോടെ മലയാള സാഹിത്യത്തിൽ മറ്റൊരു സിംഹാസനംകൂടി ഒഴി‍ഞ്ഞുകിടക്കുന്നതായി. 

സ്‌മാരക ശിലകൾ, മരുന്ന് എന്നീ മഹത്തായ നോവലുകൾ പിറന്ന തൂലികയുടെ ഉടമയുടെ സ്വകാര്യജീവിതം സാഹിത്യസംഭാവനകൾക്കൊപ്പമോ അതിലധികമോ ചർച്ച ചെയ്യപ്പെട്ടു. അങ്ങനെ ചർച്ചക്കായി പുനത്തിൽ തന്റെ ജീവിതം ലോകത്തിനു തുറന്നിട്ടുകൊടുക്കുകയും ചെയ്തു. 1940 ഏപ്രിൽ 30ന് വടകര മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്താണു ജനനം.  തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നിന്നു ബിരുദവും അലിഗഡ് മുസ്‌ലിം സർവകലാശാലയിൽനിന്ന്  എംബിബിഎസ് നേടി.  

1970 മുതൽ 1973 വരെ സർക്കാർ സർവീസിൽ ഡോക്‌ടറായിരുന്നു. 1974 മുതൽ 1996 വരെ സ്വകാര്യ നഴ്‌സിങ് ഹോം നടത്തി. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ ചികിൽസകനായി പ്രവർത്തിച്ചു. അപ്പോഴെല്ലാം പുനത്തിൽ എന്ന സാഹിത്യകാരൻ പുനത്തിൽ എന്ന ഡോക്ടറെക്കാൾ പല മടങ്ങു തലപൊക്കി നിന്നു. ഏഴു നോവലുകളും ഇരുനൂറ്റൻപതോളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. 

ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡു നേടിയിട്ടുണ്ട്. 'സ്‌മാരകശിലകൾ' കേന്ദ്രസാഹിത്യ അക്കാദമി അവാർഡും നേടി. വടക്കെ മലബാറിലെ മുസ്‌ലിം ജീവിതത്തിന്റെ പശ്‌ചാത്തലത്തിൽ രചിച്ച 'സ്‌മാരകശിലകൾ' അറബിക്കഥകളെ ഓർമിപ്പിക്കുന്ന മായികത കൊണ്ടു ശ്രദ്ധേയമാണ്.   അലിഗഡിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുൻനിർത്തി രചിച്ച 'അലിഗഡിലെ തടവുകാരൻ', 'മരുന്ന്' എന്നിവയും 'സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങൾ' എന്നിവയും പ്രശസ്‌തമായ നോവലുകളാണ്. 

കഥാകൃത്ത് സേതുവുമായിച്ചേർന്ന് 'നവഗ്രഹങ്ങളുടെ തടവറ' എന്ന നോവലും എഴുതിയിട്ടുണ്ട്. നിരവധി ചെറുകഥാസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. വോൾഗയിൽ മഞ്ഞു പെയ്യുന്നു' എന്ന യാത്രാവിവരണഗ്രന്ഥവുമെഴുതി. 'സ്‌മാരകശിലകൾ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും നേടി. 'മരുന്നിന്' വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്.   

കേരള സാഹിത്യസമിതി നിർവാഹകസമിതിയംഗം, കേന്ദ്രസാഹിത്യ സമിതിയംഗം, കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം എന്നീ സ്‌ഥാനങ്ങൾ വഹിച്ച പുനത്തിൽ മൂന്നു തവണ സംസ്‌ഥാന,ദേശീയ ഫിലിം അവാർഡ് ജൂറിയിലും അംഗമായിരുന്നു.  ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്‌ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചു രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ചു. 

MORE IN KERALA
SHOW MORE