ഒരു മാസത്തിനിടെ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞത് 2ാം വട്ടം; ലോക്കോ പൈലറ്റിനെതിരെ കേസ്

പാലക്കാട് കഞ്ചിക്കോടില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞതില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഒരുമാസത്തിനിടെ രണ്ട് ആനകള്‍ ട്രെയിനിടിച്ച് ചരിഞ്ഞത് ഗൗരവമുള്ളതാണെന്നും വേഗപരിധി പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡി.എഫ്.ഒ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് തട്ടി ചരിഞ്ഞ പിടിയാനയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊട്ടേക്കാട് വനമേഖലയില്‍ സംസ്ക്കരിച്ചു. 

രാത്രികാലങ്ങളില്‍ ഏത് ശ്രേണിയിലുള്ള ട്രെയിനിനും വേഗനിയന്ത്രണമുള്ള പാത. പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ആനക്കൂട്ടം വനം വിട്ട് നാട്ടിലേക്കിറങ്ങുന്നതും കൂടിയിട്ടുണ്ട്. ഇരുപത് വയസില്‍ കൂടുതല്‍ പ്രായം കണക്കാക്കുന്ന പിടിയാന ഇന്നലെ രാത്രിയില്‍ ട്രെയിനിടിച്ചതിന് പിന്നാലെ ഗുരുതര പരുക്കുകളോടെ സമീപത്തെ കുളത്തിലേക്ക് വീണ് ചരിയുകയായിരുന്നു. കഴിഞ്ഞമാസം പത്തിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ കൊട്ടേക്കാടുണ്ടായതും സമാനമായ അപകടം. നാല് ദിവസത്തെ വനംവകുപ്പിന്റെ ചികില്‍സയില്‍ ജീവന്‍ തിരിച്ചുപിടിക്കാനാവാതെ അന്ന് ചരിഞ്ഞതും പിടിയാന.   

ക്രെയിനിന്‍റെ സഹായത്തോടെയാണ് ആനയുടെ ജഡം ലോറിയില്‍ കയറ്റി കൊട്ടേക്കാടിലെ വനമേഖലയില്‍ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഇടിയുടെ ആഘാതത്തില്‍ മസ്തകം തകര്‍ന്നതിനൊപ്പം ആന്തരിക രക്തസ്രാവം ഉണ്ടായതായും തെളിഞ്ഞു. ദേഹമാസകലം പരുക്കുണ്ട്. ആനക്കൂട്ടം നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുള്ള വനാതിര്‍ത്തിയില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയോഗിച്ചുള്ള സുരക്ഷ വനംവകുപ്പ് കൂട്ടിയിട്ടുണ്ട്.