'മുഖത്തെ മീശയല്ല, എന്‍റെ മാര്‍ക്കാണ് വലുത്'; പരിഹസിക്കുന്നവരുടെ വായടപ്പിച്ച് പ്രാചി

ചിത്രം; ഗൂഗിള്‍

പത്താംക്ലാസ് പരീക്ഷയില്‍ ഉജ്വല വിജയം നേടിയിട്ടും മുഖത്തെ മീശരോമങ്ങളുടെ പേരില്‍ ആളുകള്‍ നടത്തിയ പരിഹാസങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും പ്രാചി നിഗം. മുഖത്തെ അമിത രോമവളര്‍ച്ചയെ താന്‍ കാര്യമാക്കുന്നില്ലെന്നും പഠിച്ച് നേടിയ മാര്‍ക്കാണ്, ആ വിജയത്തിളക്കത്തിലാണ് ശ്രദ്ധയെന്നും പ്രാചിയെന്ന കൊച്ചുമിടുക്കി പറയുന്നു. യുപി ബോര്‍ഡ് എക്സാമിലാണ് 98.5 ശതമാനം മാര്‍ക്കോടെ പ്രാചി ആരെയും അസൂയാലുക്കളാക്കുന്ന വിജയം നേടിയത്. 

ആളുകള്‍ കളിയാക്കുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്. അത് എന്നെ ബാധിക്കുന്നതേയില്ല. എന്‍റെ മാര്‍ക്കിനാണ് വില, മുഖത്ത താടി, മീശ രോമങ്ങള്‍ക്കല്ലെന്ന് പ്രാചി സധൈര്യം പറയുകയാണ്. മികച്ച വിജയത്തിന് പിന്നാലെ പ്രാചിയുടെ ചിത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്  ചിലര്‍ പരിഹാസ ശരമെയ്തത്.  തന്നെ പിന്തുണച്ച എല്ലാവര്‍ക്കരോടും നന്ദിയുണ്ടെന്നും പ്രാചി കൂട്ടിച്ചേര്‍ത്തു. 

മുഖത്തെ രോമത്തിന്‍റെ പേരില്‍ കളിയാക്കുന്നവര്‍ അത് തുടര്‍ന്നോളൂ, തന്നെ ബാധിക്കില്ലെന്ന ഉശിരന്‍ മറുപടിയും ഈ പതിനഞ്ചുകാരി നല്‍കുന്നുണ്ട്. ചാണക്യനെയും അദ്ദേഹത്തിന്‍റെ രൂപത്തെ ചൊല്ലി ആളുകള്‍ പരിഹസിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്, അത് എന്തെങ്കിലും മാറ്റമുണ്ടാക്കിയോ എന്നും പ്രാചി ചോദിക്കുന്നു. പ്രാചിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ആക്രമണം തുടങ്ങിയതോടെ വലിയ പ്രതിരോധവും ഉയര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുള്‍പ്പടെയുള്ള പ്രമുഖര്‍ പ്രാചിയോട് സംസാരിക്കുകയും പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വപ്നത്തില്‍ എത്തിച്ചേരാനും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. 

UP Board topper Prachi Nigam shuts trolls on her facial hair