കടുംപിടിത്തം തുടര്‍ന്നാല്‍ വാട്സാപ് പൂട്ടിക്കെട്ടും; ഇന്ത്യ വിടുമെന്ന മുന്നറിയിപ്പുമായി കമ്പനി

whatsapp-india
SHARE

മെസേജുകളുടെ എന്‍ക്രിപ്ഷന്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ സേവനം നിര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വാട്സാപ്പ്. 2021 ലെ ഐടി നിയമം ചോദ്യം ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയിലെ കേസിലെ വാദത്തിനിടെയാണ് വാടാസാപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയത്. മെസേജുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്–ടു–എന്‍ഡ് എന്‍സ്ക്രിപ്ഷന്‍ കണക്കിലെടുത്താണ് ഉപഭോക്താക്കള്‍ വാട്സാപ്പ് ഉപയോഗിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. 

പുതിയ ഐടി ചട്ടം പ്രകാരം സോഷ്യല്‍ മീഡിയ ആപ്പുകള്‍ ചാറ്റുകള്‍ കണ്ടെത്താനും ആദ്യ സന്ദേശം അയച്ചയാളെ തിരിച്ചറിയാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചോദ്യം ചെയ്ത് ഫേസ്ബുക്കും വാട്സാപ്പും നല്‍കിയ ഹര്‍ജിയിലാണ് വാദം നടക്കുന്നത്. 2021 ഫെബ്രുവരി 25 നാണ് പുതിയ ഐടി ചട്ടം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 

ഏത് മെസേജാണ് ഡിക്രിപ്റ്റ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാല്‍ ലക്ഷകണക്കിന് മെസേജുകള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടതായി വരുമെന്ന് വാട്സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തേജസ് കരിയ വാദിച്ചു. വാദം കേട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനും ജസ്റ്റിസ് മന്‍മീറ്റ് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ബെഞ്ച് സമാന നിയമം മറ്റു രാജ്യങ്ങളിലുണ്ടോ എന്ന് ആരാഞ്ഞു. ലോകത്തെവിടെയും ഇതുപോലുള്ള നിയമില്ലെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി. 

വര്‍ഗീയ കലാപം പോലുള്ള കേസുകളില്‍ അധിക്ഷേപകരമായ കണ്ടന്‍റുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമ്പോള്‍ നിയമം ആവശ്യമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 14-ലേക്ക് മാറ്റിവെച്ച കോടതി, ഐടി ചട്ടം 2021ലെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന മറ്റ് കേസുകള്‍ക്കൊപ്പം വാദം കേള്‍ക്കും. സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രം ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്ന ആശയവിനിമയ സംവിധാനമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

WhatsApp Says Exit From India If Want To Break End-To-End Encryption

MORE IN INDIA
SHOW MORE