ആപ്പുവഴി വ്യാജ ഐഡി ഉണ്ടാക്കി; പൈലറ്റ് ചമഞ്ഞ് വിമാനത്താവളത്തിനുള്ളില്‍; പിടിയില്‍

സിംഗപ്പുര്‍ എയര്‍ലൈന്‍സിന്‍റെ പൈലറ്റ് ചമഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യുവാവ് സിഐഎസ്എഫിന്‍റെ പിടിയില്‍. വ്യാഴാഴ്ച  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സംഗീത് സിങെന്ന യുപി സ്വദേശിയാണ് പിടിയിലായത്. കഴുത്തില്‍ ഐഡി കാര്‍ഡുമിട്ട് പൈലറ്റിന്‍റെ യൂണിഫോമും അണിഞ്ഞെത്തിയ സംഗീത് സ്കൈവാക്ക് വഴി അകത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.  

പരിശോധനയില്‍ ഐഡി കാര്‍ഡ് പൈലറ്റിന്‍റേതല്ലെന്നും ഫ്ലൈറ്റിനുള്ളിലെ ക്രൂവിന്‍റേതാണെന്നും മറ്റ് വിവരങ്ങള്‍ തെറ്റാണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബിസിനസ് കാര്‍ഡ് മേക്കര്‍ എന്ന ആപ്പ് വഴിയാണ് താന്‍ കാര്‍ഡ് ഉണ്ടാക്കിയെടുത്തതെന്നും യൂണിഫോം ദ്വാരകയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്നും സംഗീത് സമ്മതിക്കുകയായിരുന്നു. 

2020 ല്‍ മുംബൈയില്‍ നിന്ന് ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി കോഴ്സ് പൂര്‍ത്തിയാക്കിയ സംഗീത് കുടുംബത്തെയും പരിചയക്കാരെയും താന്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സിന്‍റെ പൈലറ്റാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയായിരുന്നു. കുറ്റം തെളിഞ്ഞതോടെ പൊലീസ് സംഗീതിനെ അറസ്റ്റ് ചെയ്തു. സംഗീത് വിമാനത്തിനുള്ളില്‍ കയറിക്കൂടാന്‍ ശ്രമിച്ചത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. 

UP man posing as singapore airlines pilot, arrested