മറ്റുസംസ്ഥാനങ്ങളിലും മികച്ച പോളിങ്; ഏറ്റവും കൂടുതൽ ത്രിപുരയില്‍

കേരളത്തിനൊപ്പം രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റുസംസ്ഥാനങ്ങളിലും മികച്ച പോളിങ്. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പോളിങ് ഉയരുന്നതിൽ പ്രതീക്ഷയിലാണ് എൻഡിഎയും ഇന്ത്യ സഖ്യവും. കേരളത്തിനു പുറമെ കർണാടക, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി 68 ലോക്സഭ മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്.  എല്ലായിടങ്ങളിലും മികച്ച പോളിങ് പുരോഗമിക്കുന്നു. കലാപ ഭീതി മാറാത്ത ഔട്ടർ മണിപ്പൂരിലെ അവശേഷിക്കുന്ന ഭാഗങ്ങളിലും അതീവസുരക്ഷയിൽ പോളിങ് തുടരുകയാണ്. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്നും ഉയര്‍ന്ന വോട്ടിംഗ് ശതമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ ആഹ്വാനം ചെയ്തു.  ശ്രദ്ധ തിരിച്ചുവിടൽ തന്ത്രങ്ങൾ വിശ്വസിക്കാതെ ജനാധിപത്യം സംരക്ഷിക്കാൻ വോട്ട് ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 

ലോകസഭാ സ്പീക്കറും രാജസ്ഥാൻ കോട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ ഓം ബിർള മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരും രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ കേന്ദ്രസേന വോട്ടർമാരെ തടഞ്ഞ് തിരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അസമിൽ വോട്ട് ചെയ്യാൻ പോവുകയായിരുന്നു നൂറുകണക്കിന് പേരുടെ യാത്ര ആറ് ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് മുടങ്ങി. ചരക്ക് ട്രെയിനിന്‍റെ പാളം തെറ്റിയതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.  

Other states recorded good polling