ഉത്തര്‍പ്രദേശില്‍ പണക്കൊഴുപ്പിന്‍റെ മല്‍സരം; ജനവിധി തേടാന്‍ ഗുരുതര ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളും

hema-malini
SHARE

ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്ന മണ്ഡലങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയത്തിനൊപ്പം പണക്കൊഴുപ്പിന്‍റെയും മല്‍സരമാണ്.  കോടിപതികളായ 42 സ്ഥാനാര്‍ത്ഥികളാണ് എട്ട് മണ്ഡലങ്ങളിലായി മല്‍സരിക്കുന്നത്.  നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിയാണ് സമ്പത്തില്‍ മുന്നില്‍. 18 പേര്‍ക്കെതിരെ ഗുരുതരമായ  ക്രിമിനല്‍ കേസുകളുമുണ്ട്. 

മഥുരയില്‍ മൂന്നാം വിജയത്തിനായി മല്‍സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി നടി ഹേമമാലിനിക്ക് 297 കോടി രൂപയുടെ ആസ്തിയുണ്ട്. സത്യവാങ് മുലത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 48 കോടി രൂപയുടെ വര്‍ധനയാണ് ഹേമമാലിനിയുടെ സമ്പത്തിലുണ്ടായത്. 

ഹേമമാലിനി മാത്രമല്ല, സമ്പത്തിനൊപ്പം അധികാരവും നേടാന്‍ 42 കോടിപതികളാണ് യു.പിയില്‍ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളിലായി മല്‍സരിക്കുന്നത്. അലിഗഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി സതിഷ് കുമാര്‍ ഗൗതമിന് 16 കോടിയുടെ സ്വത്ത്.  മീററ്റിലെ ബി.എസ്.പി സ്ഥാനാര്‍ഥി ദേവ്രാത് ത്യാഗിയുടെ സമ്പാദ്യം അഞ്ചുകോടി.  ആകെ മല്‍സര രംഗത്തുള്ള 91 സ്ഥാനാര്‍ഥികളില്‍ 46 ശതമാനവും കോടിപതികള്‍. 18 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ബി.എസ്.പിയുടെ  മൂന്നുപേര്‍ക്കും ബി.ജെ.പിയുടെ രണ്ടുപേര്‍ക്കും എസ്.പിയുടെ നാല് സ്ഥാനാര്‍ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്.  

രണ്ടാം ഘട്ടത്തിലെ എട്ടുസീറ്റില്‍ 2019ല്‍ ഏഴിലും ബി.ജെ.പിയാണ് വിജയിച്ചത്.  ഒരിടത്ത് ബി.എസ്.പിയും.  ഇത്തവണ അംറോഹ, മീററ്റ്, ബാഗ്‌പത്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ– ഇന്ത്യ സഖ്യ – ബി.എസ്.പി ത്രികോണ മല്‍സരമാണ് നടക്കുന്നത്.  

MORE IN INDIA
SHOW MORE