അനായാസ ജയമെന്ന് ആത്മവിശ്വാസം തിരിച്ചടി? വികസനത്തില്‍ നിന്ന് ധ്രുവീകരണത്തിലേക്ക് പ്രചാരണം മാറ്റി ബി.ജെ.പി

bjp-election
SHARE

നാനൂറ് സീറ്റ് കടക്കുമെന്ന മുദ്രാവാക്യം ബിജെപി പാളയത്തില്‍ മുഴങ്ങാത്തതും മോദിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയതും ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ നിര്‍ണായക മാറ്റങ്ങളാണ്. അനായാസ ജയം ഉറപ്പാണെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായതായി ബിജെപി ക്യാംപില്‍ ചര്‍ച്ചയുണ്ട്. പോളിങ് ശതമാനം ഉയര്‍ത്താന്‍ നേതൃത്വം കര്‍ശന നടപടികള്‍ക്ക് തീരുമാനമെടുത്തു. അമിത് ഷാ പങ്കെടുത്ത നിര്‍ണായക യോഗം ചേര്‍ന്നു. 

വികസിത ഇന്ത്യ എന്ന വലിയ സ്വപ്നം പങ്കുവച്ചാണ് നരേന്ദ്ര മോദി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ബിജെപിക്ക് 370 സീറ്റ്. എന്‍ഡിഎയ്ക്ക് നാനൂറിലധം സീറ്റ്. ഓരോ പ്രചാരണ വേദിയിലും ലക്ഷ്യം ആവര്‍ത്തിച്ച് പറഞ്ഞു. മൊത്തം പോസറ്റീവ് ക്യാംപെയിന്‍. ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കും എന്നത് അടക്കം വാഗ്ദാനങ്ങള്‍ നിറഞ്ഞ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറഞ്ഞ പ്രകടന പത്രിക. ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍ പക്ഷെ പ്രധാനമന്ത്രി പ്രചാരണത്തിന്‍റെ ഗിയര്‍മാറ്റി. ധ്രുവീകരണ സ്വഭാവമുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍. വികസന മുദ്രാവാക്യം ഓരത്തേയ്ക്ക് മാറ്റിവച്ചു.  ഏപ്രില്‍ 5ന് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയെങ്കിലും വ്യക്തിയുടെ സമ്പത്ത് സര്‍വേ നടത്തുമെന്നത് മോദി ചര്‍ച്ചയാക്കിയത് രണ്ടാഴ്ച്ചയോളം പിന്നിട്ടപ്പോഴാണ്. 

ഒന്നാംഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞത് നാനൂറ് എന്ന ലക്ഷ്യം വിദൂരമാക്കിയേക്കും എന്ന വിലയിരുത്തലുണ്ട്. ഇത്രയും വലിയ ഭൂരിപക്ഷം എന്ത് ലക്ഷ്യത്തിന് വേണ്ടിയാണെന്ന പ്രതിപക്ഷ ചോദ്യവും കളം മാറ്റി. ഭരണഘടന ഇല്ലാതാകും. സംവരണം എടുത്തുകളയും തുടങ്ങിയ പ്രചാരണങ്ങള്‍ ശക്തമായി. ഭരണഘടന മാറ്റില്ലെന്നും സംവരണം നിലനിര്‍ത്തുമെന്നും മോദിക്ക് തന്നെ ആവര്‍ത്തിച്ച് പറയേണ്ടിവന്നു. ജാതി സംവരണം വെട്ടിക്കുറിച്ച് മുസ്‍ലിംകള്‍ക്ക് സംവരണം നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രത്യാക്രമണം മോദിക്ക് നടത്തേണ്ടിവന്നു. ജാതി രാഷ്ട്രീയത്തില്‍ പ്രതിപക്ഷം രാജസ്ഥാനില്‍ അടക്കം പിടിമുറുക്കിയതോടെ അതിജീവിക്കാന്‍ ഹിന്ദുത്വ അനിവാര്യമായി. 

എന്തായാലും നാനൂറ് സീറ്റ് നേടി ജയിക്കുമെന്ന മോദി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയെന്തിന് വിയര്‍പ്പൊഴുക്കണമെന്ന ആലസ്യം സംഘടനാതലത്തില്‍ പിടികൂടിയതായും വിലയിരുത്തലുണ്ട്. ഒന്നാംഘട്ടത്തിന് ശേഷം നടന്ന പല റാലികളിലും ഇത്തവണ നാനൂറ് കടക്കുമെന്ന മുദ്രാവാക്യം മോദി മന:പ്പൂര്‍വം ഒഴിവാക്കി. അപായസൂചന നേതൃത്വം മനസിലാക്കി കഴിഞ്ഞു. പരിഹാരം തേടി പുലര്‍ച്ചെവരെ നീണ്ട നേതൃയോഗം  പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോല പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. 

BJP Change Campaign Strategy After First Phase

MORE IN INDIA
SHOW MORE